തനിക്ക് ഔദ്യോഗികമായി യാതൊരുവിധ ഫാൻസ് ക്ലബ്ബുകളോ അസോസിയേഷനുകളോ നിലവിലില്ലെന്ന് വ്യക്തമാക്കി യുവ സംവിധായകനും വിജയ്‌യുടെ മകനുമായ ജേസൺ സഞ്ജയ്. തന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളും കമ്മ്യൂണിറ്റികളും വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ്, ഔദ്യോഗിക സോഷ്യൽ മീഡിയ പ്രൊഫൈലുകളുടെ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.
താൻ അംഗീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്ത ഫാൻസ് ക്ലബ്ബുകൾ ഒന്നുമില്ലെന്നും, തന്റെ പേരിൽ പ്രവർത്തിക്കുന്ന മറ്റ് അക്കൗണ്ടുകളോ ഗ്രൂപ്പുകളോ പൂർണ്ണമായും അനധികൃതമാണെന്നും അദ്ദേഹം വ്യക്തത വരുത്തി. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ തന്റെ പേരോ ചിത്രങ്ങളോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പേജുകൾ പൂർണ്ണമായും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇത്തരം അക്കൗണ്ടുകളിൽ നിന്ന് വരുന്ന പോസ്റ്റുകൾക്കോ, സന്ദേശങ്ങൾക്കോ, സാമ്പത്തിക ഇടപാടുകൾക്കോ തനിക്ക് യാതൊരു ബാധ്യതയും ഉണ്ടായിരിക്കില്ലെന്നും ഓർമ്മിപ്പിച്ചു.
തന്റെ പേരിൽ 'ഔദ്യോഗിക ഫാൻസ് ക്ലബ്' എന്ന രീതിയിൽ പ്രവർത്തിക്കുന്ന മുഴുവൻ ഗ്രൂപ്പുകളും നിയമവിരുദ്ധമാണെന്നും ആരാധകർക്ക് തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനാണ് ഔദ്യോഗിക പ്രൊഫൈൽ വിവരങ്ങൾ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദീപ് കിഷൻ നായകനായെത്തിയ 'സിഗ്മ' എന്ന ചിത്രത്തിലൂടെയാണ് ജേസൺ സഞ്ജയ് അടുത്തിടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
ഫാൻസ് ക്ലബ്ബുകളുമായി എനിക്ക് യാതൊരു ബന്ധവുമില്ല; വ്യാജ പ്രചാരണങ്ങൾക്കെതിരെ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്