പനജി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ വിജയകരമായി ലാൻഡ് ചെയ്ത് റഫാൽ മറൈൻ യുദ്ധവിമാനം. ഗോവ തീരത്തു നടന്ന ആദ്യ ഘട്ട പരീക്ഷണപ്പറക്കലിലാണ് ഇന്ത്യൻ നാവികസേന ഈ നിർണായകമായ നേട്ടം കൈവരിച്ചത്. ഒക്ടോബർ 29-നായിരുന്നു പരീക്ഷണപ്പറക്കൽ നടന്നത്. യുദ്ധവിമാനം ഐ.എൻ.എസ് വിക്രാന്തിൽ ലാൻഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടിട്ടുണ്ട്.
നാവികസേനയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തുന്നതിന് മുന്നോടിയായി, ഐ.എൻ.എസ് വിക്രാന്തുമായി റഫാൽ മറൈനെ സംയോജിപ്പിക്കുന്നതിൽ സുപ്രധാനമായ നാഴികക്കല്ലാണ് ഈ പരീക്ഷണം. കപ്പലും വിമാനവും തമ്മിലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, ഭാവിയിലെ വിന്യാസത്തിന് സജ്ജമാക്കുന്നതിനുമായാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. ഇതിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ സാങ്കേതിക മാറ്റങ്ങൾ വരുത്തും.
നാവികസേനയ്ക്കായി 26 റഫാൽ മറൈൻ വിമാനങ്ങൾ വാങ്ങുന്നതിനായി ഫ്രാൻസുമായി ഇന്ത്യ 63,000 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇതിൽ 22 സിംഗിൾ സീറ്റർ പോർവിമാനങ്ങളും 4 ട്വിൻ സീറ്റർ പരിശീലന വിമാനങ്ങളുമാണ് ഉൾപ്പെടുന്നത്. 2030-ഓടെ വിമാനങ്ങളുടെ വിതരണം പൂർത്തിയാകും. പ്രാദേശികമായി നിർമ്മിച്ച ആയുധങ്ങൾ വിമാനത്തിൽ ഘടിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യാ കൈമാറ്റവും കരാറിന്റെ ഭാഗമാണ്. നിലവിൽ ഫ്രഞ്ച് നാവികസേന മാത്രം ഉപയോഗിക്കുന്ന റഫാൽ മറൈൻ വിമാനങ്ങൾ കടലിലും കരയിലുമുള്ള ആക്രമണങ്ങൾക്കും വ്യോമ പ്രതിരോധത്തിനും ഇന്ത്യൻ നാവികസേനയ്ക്ക് വൻ കരുത്ത് പകരും.
നാവികസേനയ്ക്ക് നിർണായക നേട്ടം; ഐ.എൻ.എസ് വിക്രാന്തിൽ വിജയകരമായി ലാൻഡ് ചെയ്ത് റഫാൽ മറൈൻ