തിരുവനന്തപുരം: രാജ്യത്തിന് സ്വന്തമായി നാവിഗേഷൻ സൗകര്യമൊരുക്കുന്ന 'എൻ.വി.എസ്.-03' (NVS-03) ഉപഗ്രഹം ഈ മാസം 30-ന് ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിക്കും. വിദേശരാജ്യങ്ങളുടെ ജി.പി.എസിന് പകരമായി ഗതിനിർണയത്തിനായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിക് (NavIC) പരമ്പരയിലെ ആധുനിക ഉപഗ്രഹമാണിത്. ജി.എസ്.എൽ.വി.-എഫ് 18 (GSLV-F18) റോക്കറ്റിലായിരിക്കും വിക്ഷേപണം. 2232 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ പ്രവർത്തനകാലാവധി 12 വർഷമാണ്.
നാവിക് ശ്രേണിയിലെ പഴയ ഉപഗ്രഹങ്ങളിൽ പലതും പ്രവർത്തിക്കാത്തത് രാജ്യത്തിന്റെ ഗതിനിർണയ സംവിധാനത്തെ ബാധിച്ചിരുന്നു. കൃത്യമായ നാവിഗേഷൻ ഉറപ്പാക്കാൻ കുറഞ്ഞത് നാല് ഉപഗ്രഹങ്ങളെങ്കിലും ആവശ്യമാണ്. ഇതിന് പരിഹാരമായാണ് എൻ.വി.എസ്-03 എത്തുന്നത്. ജി.പി.എസിനെക്കാൾ കൂടുതൽ സൂക്ഷ്മതയോടെ ലൊക്കേഷൻ നൽകാൻ ഈ ഉപഗ്രഹത്തിന് കഴിയും. മൊബൈൽ ഫോണുകളിലടക്കം കൂടുതൽ കൃത്യമായ ലൊക്കേഷൻ സേവനം ഇതുവഴി ലഭ്യമാകും. പൂർണതോതിലുള്ള നാവിക് സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ ട്രെയിനുകളുടെ യാത്ര തത്സമയം നിരീക്ഷിക്കാനും സാധിക്കും.
സമയനിർണയത്തിനായി തദ്ദേശീയമായി വികസിപ്പിച്ച റൂബിഡിയം അറ്റോമിക് ക്ലോക്കാണ് ഉപഗ്രഹത്തിൽ ഉപയോഗിച്ചിരിക്കുന്നത്. എൽ-5, എസ് എന്നീ ഫ്രീക്വൻസി ബാൻഡുകൾക്കുപുറമേ പുതുതായി എൽ-1 ഫ്രീക്വൻസി സിഗ്‌നലുകളും ഉപഗ്രഹം നൽകും. മൊബൈൽ ഫോണുകളിലെ ജി.പി.എസും എൽ-1 ബാൻഡിലാണ് പ്രവർത്തിക്കുന്നത്. പ്രതിരോധം, റെയിൽ-റോഡ്-വ്യോമ ഗതാഗതം, ദുരന്തനിവാരണം, ടെലികോം തുടങ്ങി വിവിധ മേഖലകളിൽ ഈ ഉപഗ്രഹം വലിയ രീതിയിൽ സഹായകമാകും.
സ്വദേശി ജി.പി.എസ് സംവിധാനം കൂടുതൽ ശക്തമാകുന്നു; എൻ.വി.എസ്.-03 ഉപഗ്രഹം ഈ മാസം 30ന് വിക്ഷേപിക്കും