കണ്ണൂർ: കണ്ണവത്ത് രണ്ടിടങ്ങളിൽ റോഡിൽ ബോംബ് സ്ഫോടനം. കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് സംഭവം. സ്റ്റീൽ ബോംബുകളാണ് രണ്ടിടത്തും പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരങ്ങൾ നൽകുന്ന സൂചന. ഇന്ന് രാവിലെയാണ് രണ്ട് കേന്ദ്രങ്ങളിലായി സ്‌ഫോടനം നടന്നതിന്റെ ലക്ഷണങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തിയത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപമുള്ള കെട്ടിടത്തിന്റെ ഗ്ലാസുകൾ തകർന്നു. പ്രദേശത്ത് വലിയ തോതിൽ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തെ തുടർന്ന് കണ്ണവം പോലീസും കണ്ണൂരിൽ നിന്നുള്ള ബോംബ്, ഡോഗ് സ്‌ക്വാഡുകളും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നേരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമായി ഇതിനെ പ്രാഥമികമായി കരുതുന്നില്ലെന്നാണ് പൊലീസ് നിഗമനം. പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് റോഡിലേക്ക് ബോംബെറിഞ്ഞതാകാമെന്നാണ് പൊലീസ് കരുതുന്നത്.