മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. യു.ഡി.എഫ് സർക്കാരാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡറില്ലാതെ കാർട്ടൺ ഇന്ത്യ എന്ന കമ്പനിക്ക് കരാർ നൽകിയതിലടക്കം നടന്ന ക്രമക്കേടുകളാണ് അന്വേഷിക്കുന്നത്. ഇതിനൊപ്പം ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കളും ബെനാമി ഇടപാടുകളും വിജിലൻസ് വിശദമായി പരിശോധിക്കും.
മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി. ദിവ്യ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതിയും ബെനാമി ഇടപാടുകളും ചൂണ്ടിക്കാട്ടി മുൻപ് വിജിലൻസിന് പരാതി നൽകിയിരുന്നെങ്കിലും, ആറുമാസമായിട്ടും പരാതിക്കാരന്റെ മൊഴിയെടുക്കാൻ പോലും തയ്യാറാകാതെ അന്വേഷണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് ഷമ്മാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ബെനാമി കമ്പനി രൂപീകരിച്ച് കോടികളുടെ കരാറുകൾ നൽകിയതിനും, ഭർത്താവിന്റെ പേരിലടക്കം ഭൂമി വാങ്ങിക്കൂട്ടിയതിനും തെളിവുകൾ സഹിതമാണ് മുൻപ് പരാതി നൽകിയിരുന്നത്. പരാതിയിൽ പ്രാഥമികാന്വേഷണം നടത്തി കേസെടുക്കാൻ നിർദ്ദേശിച്ച അന്നത്തെ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയെ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റുകയും തഴയുകയും ചെയ്തതായും അന്ന് ആരോപണമുയർന്നിരുന്നു. ഉന്നത സി.പി.എം നേതാക്കളുടെ ഇടപെടൽ മൂലമാണ് അന്വേഷണം വൈകിയതെന്ന ആരോപണങ്ങൾക്കിടയിലാണ് നിലവിലെ സർക്കാർ അന്വേഷണത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.