വാഷിംഗ്ടൺ: ഉപയോക്താക്കളുടെ ദൈനംദിന ഡിജിറ്റൽ ജോലികൾ കൂടുതൽ എളുപ്പമാക്കുന്നതിനായി പുതിയ പേഴ്സണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റായ 'ക്ലോഡ് ഡ്യുവറ്റ്' (Claude Duet) അവതരിപ്പിച്ച് ആന്ത്രോപിക്. നിലവിൽ അമേരിക്കയിൽ റിസർച്ച് പ്രിവ്യൂ ഘട്ടത്തിലാണ് ഈ സേവനമുള്ളത്. ആന്ത്രോപിക്കിന്റെ പ്രോ (Pro), മാക്സ് (Max) സബ്സ്ക്രൈബർമാർക്ക് വെയിറ്റ്ലിസ്റ്റിലൂടെ ഇതിൽ പ്രവേശനം നേടാനാകും. ഐഒഎസ് (iOS), ആൻഡ്രോയിഡ് (Android) ആപ്പുകൾ വഴിയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ക്ലോഡ് ഡ്യുവറ്റ് ലഭ്യമാണ്. നിലവിലെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ ഉപയോഗപരിധി തന്നെയാണ് ഡ്യുവറ്റിനും ബാധകമാകുന്നത്.
ഏകദേശം 6,000-ത്തിലധികം ആപ്പുകളെയും ഡിജിറ്റൽ സേവനങ്ങളെയും ബന്ധിപ്പിക്കാൻ സാധിക്കുന്നു എന്നതാണ് ക്ലോഡ് ഡ്യുവറ്റിന്റെ പ്രധാന സവിശേഷത. സ്ലാക്ക് (Slack), ജിമെയിൽ (Gmail) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ സന്ദേശങ്ങളും അറിയിപ്പുകളും പരിശോധിച്ച്, ഉപയോക്താവ് ചെയ്യേണ്ട അടിയന്തര കാര്യങ്ങൾ ഇത് ഓർമ്മിപ്പിക്കും. ഇതിന് പുറമെ ദിവസേന ലഭിക്കുന്ന പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾ, മിസ്സായ സന്ദേശങ്ങൾ എന്നിവയുടെ വിവരണം നൽകാനും, ഇമെയിലുകൾ വായിച്ച് മറുപടികൾ തയ്യാറാക്കാനും മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യാനും ഈ എഐ അസിസ്റ്റന്റിന് കഴിയും. സാമ്പത്തിക റിപ്പോർട്ടുകൾ, സെയിൽസ് ഫോർകാസ്റ്റുകൾ, വെബ് ആപ്പുകൾ, ഡാഷ്‌ബോർഡുകൾ, പ്രോട്ടോടൈപ്പുകൾ എന്നിവ നിർമ്മിക്കാനും ക്ലോഡ് ഡ്യുവറ്റിന് ശേഷിയുണ്ട്.
അതേസമയം, ചില പ്രധാന പ്രവർത്തനങ്ങൾക്ക് സുരക്ഷ മുൻനിർത്തി നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെന്ന് ആന്ത്രോപിക് വ്യക്തമാക്കി. സന്ദേശങ്ങൾ അയക്കുക, പണമിടപാടുകൾ നടത്തുക, ഫയലുകൾ നീക്കം ചെയ്യുക, രേഖകളിൽ ഒപ്പിടുക തുടങ്ങിയ കാര്യങ്ങൾക്ക് ഉപയോക്താവിന്റെ മുൻകൂട്ടിയുള്ള അനുമതി നിർബന്ധമാണ്. അനുമതി ലഭിച്ചാൽ പോലും സ്റ്റോക്കുകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുക, നേരിട്ട് പണം അയക്കുക തുടങ്ങിയവ ക്ലോഡ് ഡ്യുവറ്റ് സ്വയം ചെയ്യില്ല. നിലവിൽ റിസർച്ച് പ്രിവ്യൂ പതിപ്പായതിനാൽ ചില സന്ദേശങ്ങൾ മനസ്സിലാക്കുന്നതിലോ മുൻഗണന നിശ്ചയിക്കുന്നതിലോ തെറ്റുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നുണ്ട്.
എഐ രംഗത്ത് പുതിയ തരംഗം: പേഴ്സണൽ അസിസ്റ്റന്റായി 'ക്ലോഡ് ഡ്യുവറ്റ്'