ന്യൂഡൽഹി: അടുത്തിടെയുണ്ടായ സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.). വിവരങ്ങൾ ചോർന്നിട്ടുണ്ടാകാൻ സാധ്യതയുള്ള ഉപഭോക്താക്കളെ ഇമെയിൽ, വാട്ട്‌സ്ആപ്പ് എന്നിവ വഴി വിവരമറിയിച്ചിട്ടുണ്ടെന്ന് ബാങ്ക് വ്യക്തമാക്കി. ഡാറ്റ ചോർച്ച സംഭവിച്ചെങ്കിലും ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലെ പണം പൂർണമായും സുരക്ഷിതമാണെന്ന് ബാങ്ക് അധികൃതർ ഉറപ്പുനൽകുന്നു. ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നും ബാങ്ക് നിർദേശിച്ചു.
ഒ.ടി.പി (OTP), പിൻ (PIN), പാസ്‌വേഡ് തുടങ്ങിയ രഹസ്യ വിവരങ്ങൾ ആരുമായും പങ്കുവെക്കരുതെന്നും, സംശയാസ്പദമായ ഫോൺ കോളുകൾ, സന്ദേശങ്ങൾ, ഇമെയിലുകൾ എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും എസ്.ബി.ഐ ഓർമ്മിപ്പിച്ചു. ചൊവ്വാഴ്ച സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങിലാണ് ഡാറ്റ ചോർച്ച സംബന്ധിച്ച വിവരങ്ങൾ ബാങ്ക് ഔദ്യോഗികമായി പുറത്തുവിട്ടത്.
ഒക്ടോബർ 16-ന് ത്രെട്ട് ഇന്റലിജൻസ് സർവീസ് പ്രൊവൈഡർ, ഡിഫൻസ് സൈബർ ഏജൻസി, സെർട്ട്-ഇൻ (CERT-In) എന്നിവയിൽ നിന്നാണ് സൈബർ ആക്രമണത്തെക്കുറിച്ച് ബാങ്കിന് വിവരം ലഭിക്കുന്നത്. തുടർന്ന് ഡാർക്ക് വെബിൽ ലഭ്യമായ 3,75,000 റെക്കോർഡുകൾ പ്രാഥമിക വിശകലനത്തിന് വിധേയമാക്കിയതിൽ നിന്നാണ് 3,897 എസ്.ബി.ഐ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി തിരിച്ചറിഞ്ഞത്. ഉപഭോക്താക്കളുടെ പേര്, മേൽവിലാസം, മൊബൈൽ നമ്പർ, ജനനത്തീയതി, ഇമെയിൽ ഐഡി, ബ്രാൻഡ് വിവരങ്ങൾ, വായ്പാ രേഖകൾ എന്നിവയാണ് പുറത്തായത്. ഇതിന് പിന്നാലെയാണ് ബാങ്ക് അടിയന്തര ജാഗ്രതാ നിർദേശവുമായി രംഗത്തെത്തിയത്.
സൈബർ ആക്രമണം: ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശവുമായി എസ്.ബി.ഐ; പണം സുരക്ഷിതമെന്ന് ബാങ്ക്