അപൂര്‍വ ജനിതക രോഗമായ എസ്.എം.എ മരുന്നുമായി ബന്ധപ്പെട്ട് മുന്‍ ആരോഗ്യ മന്ത്രിമാരായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടതു സഹയാത്രികനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എം.ജി. രാധാകൃഷ്ണന്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളം കണ്ട മികച്ച ആരോഗ്യ മന്ത്രിമാരും പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ നാടിനെ നയിച്ചവരുമാണ് ഇവര്‍ മൂവരും എന്നതില്‍ സംശയമില്ലെന്നും, രാഷ്ട്രീയപരമായ കാരണങ്ങള്‍ കൊണ്ടും സ്ത്രീവിരുദ്ധതയും കുശുമ്പും കൊണ്ടുമാണ് ഇവര്‍ ഏറ്റവും അധികം അധിക്ഷേപിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എസ്എംഎ മരുന്ന് വിഷയത്തില്‍ ഇവര്‍ നടത്തിയ മാധ്യമസമ്മേളനം വലിയൊരു അബദ്ധവും രാഷ്ട്രീയ-പൊതുജനാരോഗ്യപരമായ തെറ്റുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. പിണറായി വിജയന് ഇറക്കിയ പ്രസ്താവനയാണ് ഈ തെറ്റിന്റെ തുടക്കമെന്നും, ആരോഗ്യ വിദഗ്ധരോ രാഷ്ട്രീയ നേതാക്കളോ ആരുടെയൊക്കെ ഉപദേശപ്രകാരമാണ് ഇവര്‍ ഇങ്ങനെയൊരു നിലപാടെടുത്തത് എന്നത് ഗൗരവകരവും നിഗൂഢവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
മൂന്ന് മുൻ ആരോഗ്യ മന്ത്രിമാരെ അബദ്ധത്തിൽ ചാടിച്ചതാര് ?
കേരളം കണ്ട മികച്ച ആരോഗ്യ മന്ത്രിമാരാണ് പി കെ ശ്രീമതിയും കെ കെ ശൈലജയും വീണാ ജോർജും എന്ന് എനിക്ക് സംശയമില്ല. കേരളം കണ്ട ഏറ്റവും ഭീകരമായ പകർച്ച വ്യാധികൾ നേരിടാൻ നാടിനെ സ്തുത്യർഹമായി നയിച്ചവരും പൊതുജനാരോഗ്യ മേഖലയെ ചരിത്രത്തിൽ ഏറ്റവും ശക്തിപ്പെടുതുന്നതിന് നേതൃത്വം നൽകിയവരും ആണിവർ. രാഷ്ട്രീയത്തിൻ്റെ പേരിലും സ്ത്രീവിരുദ്ധതയുടെ കാരണത്താലും വെറും കുശുമ്പ് കൊണ്ടും കേരളത്തിൽ ഏറ്റവും അധികം അധിക്ഷേപിക്കപ്പെടുന്നവരുമാണ് ഇവർ.
പക്ഷേ, എസ് എം എ (Spinal Muscular Atrophy) എന്ന അപൂർവ ജനിതക രോഗത്തിൻ്റെ മരുന്ന് വിഷയത്തിൽ ഇന്നലെ ഇവർ മൂന്ന് പേരും ചേർന്ന് നടത്തിയ മാധ്യമ സമ്മേളനം പോലെ വലിയൊരു അബദ്ധം ഇല്ല. അബദ്ധം മാത്രമല്ല രാഷ്ട്രീയമായും പൊതുജനാരോഗ്യ പരമായും വലിയൊരു തെറ്റ് കൂടിയാണ് അവർ ചെയ്തത്. അവർക്ക് മുന്നേ പിണറായി വിജയൻ ഇറക്കിയ പ്രസ്താവനയാണ് ഈ തെറ്റിൻ്റെ തുടക്കം. ഇവരുടെ ചില അഭിപ്രായങ്ങളിൽ കഴമ്പ് കാണാമെങ്കിലും ഉന്നയിച്ച മുഖ്യവാദങ്ങളിൽ ആണ് വലിയ അപകടം.
ഇതിന് ആരാണ് ഇവരെ പ്രേരിപ്പിച്ചത് എന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. ആരോഗ്യ വിദഗ്ധരോ രാഷ്ട്രീയ നേതാക്കളോ? രാഷ്ട്രീയമോ ശാസ്ത്രീയമോ ആയ പ്രാഥമിക അറിവോ സാമാന്യ ബോധമോ പോലും തൊട്ടു തീണ്ടാത്തവ ആയിരുന്നു ആ സമ്മേളനത്തിൽ ഉയർന്ന മിക്ക അഭിപ്രായങളും. ആഗോള തലത്തിൽ തന്നെയുള്ള ഇടതുപക്ഷ നിലപാടുകൾക്ക് വിരുദ്ധമാണ് ഇക്കാര്യത്തിൽ ഇവർ ഉയർത്തിയ അഭിപ്രായങ്ങൾ. ആഗോള ഔഷധ കമ്പനികളുടെ വമ്പൻ വിലക്കുള്ള മരുന്നു കുത്തകക്കെതിരെ ഇന്ത്യ അടക്കമുള്ള വികസ്വര രാഷ്ട്രങ്ങളും ഇടതുപക്ഷം ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനകീയ ആരോഗ്യ-മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സാധാരണക്കാർക്ക് വേണ്ടി നടത്തിവരുന്ന ദീർഘമായ പോരാട്ടത്തെ പിന്നോട്ടടിപ്പിക്കുന്ന തരത്തിലായിപ്പോയി നിർഭാഗ്യവശാൽ ആദ്യം പിണറായി വിജയൻ്റെയും പിന്നീട് ഈ മൂന്ന് പേരുടെയും നിലപാട്. ഈ പോരാട്ടത്തിൽ മുന്നിലുള്ള ഇന്ത്യൻ കമ്പനിയായ ഹൈദരാബാദ് ആസ്ഥാനമായ നാറ്റ്കോ ഫാർമ (Natco Pharma) എന്ന പ്രമുഖ സ്വകാര്യ കമ്പനിക്ക് എതിരെയും ആഗോള കുത്തകയായ സ്വിസ്സ് കമ്പനി റോഷിന് (Roche) അനുകൂലവുമായി ഇവ എന്നതും പരിതാപകരം എന്നേ പറയാനാവൂ. ഒരു SMA രോഗി രണ്ടാഴ്ചയിൽ ആറ് ലക്ഷം രൂപ ചെലവാക്കേണ്ടിയിരുന്ന റോഷിൻ്റെ ഒരു കുപ്പി ബ്രാണ്ടഡ് മരുന്നിന് പകരം ഉള്ള ജനറിക് മരുന്ന് ലഭ്യമാക്കുക ആണ് നാറ്റ് കോ ചെയ്തത്. 2025 മുതൽ ദില്ലി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച്, ഡിവിഷൻ ബെഞ്ച്, സുപ്രീം കോടതി എന്നിവയിലൂടെയൊക്കെ നാറ്റ്കോയുടെ SMA മരുന്നിനെതിരെ പോരാടി തുടരെ പരാജയപ്പെട്ടതാണ് റോഷ്.
ഇടതുപക്ഷത്തിനൊപ്പം ഉള്ള ഡോ ബി ഇക്ബാൽ, ഡോ രാമൻകുട്ടി, ഡോ കെ പി അരവിന്ദൻ എന്നിവരോടെങ്കിലും അഭിപ്രായം ആരായാതെ പിണറായിയും മൂന്ന് മുൻ മന്ത്രിമാരും എന്തിനിത് ചെയ്തു എന്നത് നിഗൂഢം.
വിഷയത്തിലെ ശാസ്ത്രീയമായ പിഴവുകൾ വിദഗ്ധർ പറയട്ടെ. അതിൻ്റെ രാഷ്ട്രീയവും സാമൂഹ്യവും പൊതു ജനാരോഗ്യപരവുമായ വശങ്ങളെക്കുറിച്ച് പറയാം.
പോരാട്ട ചരിത്രം
ഔഷധ നിർമ്മാണ രംഗത്തെ ആഗോള ഭീമൻമാർ വിപണിയിലെ സ്വന്തം കുത്തകയും കൊള്ള ലാഭവും നിലനിർത്താൻ മനുഷ്യജീവന് പുല്ലുവില കൽപിച്ചു നടത്തുന്ന കൊള്ളക്കച്ചവട തന്ത്രങ്ങളിൽ പ്രധാനമാണ് ബൗദ്ധികാവകാശ (പേറ്റൻ്) സംരക്ഷണത്തിൻ്റെ പേരിൽ കാലങ്ങളായി സമ്പന്ന പടിഞ്ഞാറൻ രാജ്യങ്ങളുടെ പിന്തുണയോടെ അവർ നടത്തുന്ന യുദ്ധം. 1995 ൽ ആഗോള വാണിജ്യ സംഘടന (WTO) കൊണ്ടുവന്ന TRIPS എന്ന ബൗദ്ധികാവകാശം സംബന്ധിച്ച അന്താരാഷ്ട്ര വാണിജ്യ ഉടമ്പടി ഈ കുത്തകകളുടെ പേറ്റൻ്റു നിബന്ധനകൾക്ക് ഇന്ത്യ അടക്കം വികസ്വര രാജ്യങ്ങളെ നിർബന്ധിക്കാനും ആ രാജ്യങ്ങളിലെ ഔഷധ നിർമാണ മേഖലയെ തകർക്കാനും ഉള്ള ചുവട് വെയ്പ് ആയിരുന്നു. ഇതിനെതിരെ വലിയ വെല്ലുവിളികളോടെ ധീരമായി ചെറുത്തു നിൽപ് നടത്തിയ രാജ്യങ്ങളാണ് ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, തായ്ലാൻ്റ് തുടങ്ങിയ ദക്ഷിണ ഗോള രാഷ്ട്രങ്ങൾ. ഈ രാജ്യങ്ങളിൽ അധികാരത്തിൽ വന്ന വലതുപക്ഷ സർക്കാരുകൾ പോലും ഈ യുദ്ധം അവസാനിപിച്ചില്ല.
1998 ൽ ദക്ഷിണാഫ്രിക്ക ആണ് ഇതിൽ ആദ്യ വിജയം നേടിയത്. അക്കാലത്ത് ആഫ്രിക്കയെ വ്യാപകമായി പിടിച്ചു കുലുക്കിയ എയ്ഡ്സിനെ ചെറുക്കാൻ വില കുറഞ്ഞ മരുന്ന് ഇറക്കുമതി ചെയ്ത ദക്ഷിണാഫ്രിക്കൻ സർക്കാരിനെതിരെ 39 ആഗോള ഔഷധ കുത്തകകൾ ആണ് കേസ് കൊടുത്തത്. പക്ഷേ ഭീകരമായ ഈ രോഗത്തിൻ്റെ പിടിയിൽ പെട്ട ദരിദ്ര ജനതയെ രക്ഷിക്കാനുള്ള ഈ മാനുഷികപ്പോരാട്ടത്തിന് അനുകൂലമായിരുന്നു ലോക മനസാക്ഷിയുടെ നിലപാട്. സ്വാർത്ഥതയും അത്യാർത്തിക്കും വേണ്ടി മനുഷ്യ ജീവൻ ബലി കൊടുക്കാൻ കച്ച കെട്ടിയ കുത്തകകൾക്കെതിരെ ലോക ജനത തിരിഞ്ഞു. ഇതോടെ 2001 ൽ കുത്തകകൾ കേസ് പിൻവലിച്ചു.
ഈ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യ അടക്കം ഉള്ള ദക്ഷിണഗോള രാഷ്ട്രങ്ങൾ നേടിയ വിജയം ആണ് 2001 ൽ ദോഹയിൽ ചേർന്ന WTO യെക്കൊണ്ട് അംഗീകരിപ്പിച TRIPS ഉം പൊതുജനാരോഗ്യവും സംബന്ധിച ദോഹ പ്രഖ്യാപനം (Doha Declaration). പൊതുജനാരോഗ്യ സംരക്ഷണത്തിന് ബൗദ്ധികാവകാശം തടസ്സമാകരുത് എന്നും പൊതുജനാരോഗ്യ പ്രതിസന്ധികളിൽ സർക്കാരുകൾക്ക് പേറ്റൻ്റ് ഉടമകളായ കമ്പനികളുടെ സമ്മതം കൂടാതെ ജീവൻ രക്ഷാ മരുന്നുകൾ ഉല്പാദിപ്പിക്കാൻ സ്വന്തം നാട്ടിലെ കമ്പനികൾക്ക് അനുമതി (Compulsory Licence) നൽകാമെന്നും ദോഹ പ്രഖ്യാപനം ഉറപ്പാക്കി.
2006 ൽ ബ്രസീലും തായ്ലാൻ്റും ആണ് കുത്തകകളുടെ പേറ്റൻ്റ് തടസ്സങൾ മറികടന്ന് എയ്ഡ്സിനും ഹൃദ്രോഗത്തിനും ഉള്ള വില കുറഞ്ഞ മരുന്നുകൾ ഉൽപാദിപ്പിക്കാൻ സ്വന്തം നാട്ടിലെ കമ്പനികൾക്ക് നിർബന്ധ ലൈസൻസുകൾ നൽകിയത്.
2012 ൽ ആയിരുന്നു ഈ പോരാട്ടത്തിൽ ഇന്ത്യ കൈവരിച്ച വൻ നേട്ടം. വൃക്ക രോഗത്തിനും അർബുദത്തിനും ഉള്ള ബേയർ (Bayer) എന്ന ആഗോള ഭീമൻ കുത്തകയുടെ നെക്സവർ (Nexavar) എന്ന മരുന്ന് 95% വിലക്കുറവിൽ ഉൽപാദിപിക്കാൻ നൽകിയതാണ് ഇന്ത്യ നൽകിയ ആദ്യത്തെ നിർബന്ധ ലൈസൻസ്. അത് നൽകിയതാകട്ടെ ഇന്ന് SMA മരുന്നിൻ്റെ പേരിൽ കുറ്റപ്പെടുത്തപ്പെട്ട നാറ്റ്കോ ഫാർമയ്ക് തന്നെയാണെന്ന് ഓർക്കണം. 2.8 ലക്ഷം രൂ വില ഉണ്ടായിരുന്ന മരുന്ന് നാറ്റ് കോ ഇറക്കിയത് 8800 രൂപയ്ക്കാണ് !
ഈ ആഗസ്തിൽ അന്തരിച്ച പി എച്ച് കുര്യൻ IAS ആണ് 2012 മാർച്ച് 9 ന് ഇന്ത്യൻ കൺട്രോളർ ജനറൽ ഓഫ് പേറ്റൻ്റ്സ് ആയിരിക്കുമ്പോൾ തൻ്റെ ആ തസ്തികയിലെ അവസാന നാളിൽ 68 പേജുള്ള ഉത്തരവിലൂടെ നാറ്റ് കോ ഫാർമ യ്ക്ക് ഇന്ത്യയിലെ ആദ്യത്തെ നിർബന്ധ ലൈസൻസ് നൽകി ചരിത്രം കുറിച്ചതെന്നത് മലയാളിക്ക് അഭിമാനകരം.
2013 ൽ ഇന്ത്യ ഈ രംഗത്ത് മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചു. 1970 ലെ ഇന്ത്യൻ പേറ്റൻ്റ് നിയമത്തിൽ സെക്ഷൻ 3 (ഡി) എന്ന വകുപ്പ് ഉൾപ്പെടുത്തിയതാണത്. ആദ്യം ഉൽ പാദിച്ച ഒരു മരുന്നിൽ ചില്ലറ മാറ്റം മാത്രം വരുത്തി പുതിയ പേറ്റൻ്റ് സമ്പാദിച്ച് വലിയ വില ഈടാക്കുകയും ബൗദ്ധികാവകാശം തങ്ങൾക്കായി തന്നെ നിലനിർത്തുകയും ചെയ്യുന്ന കുത്തകകളുടെ തന്ത്രത്തെ (Evergreening) ചെറുക്കുന്നതായിരുന്നു ഈ സെക്ഷൻ. ഇതിനെതിരെ ആഗോള ഔഷധ കുത്തകയായ നൊവാർടിസ് എ ജി (Novartis) എന്ന സ്വിറ്റ്സർലൻ്റ് കമ്പനി കേസ് കൊടുത്തു. രക്താർബുദത്തിനുള്ള അവരുടെ ഗ്ലിവെക് (Glivec) എന്ന മരുന്നിന് പേറ്റൻ്റ് നേടാനായിരുന്നു കേസ്. പക്ഷേ വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിൽ 2013 ൽ ഈ പുതിയ സെക്ഷൻ്റെ ബലത്താൽ സുപ്രീം കോടതി നൊവാർടിസിൻ്റെ കേസ് തള്ളി. ഇന്ത്യൻ കമ്പനികൾ അതോടെ ഗ്ലിവെകിൻ്റെ വില കുറഞ്ഞ ബദൽ ഇറക്കി. ഒന്നര ലക്ഷം രൂപയാൽ നിന്ന് വില കുറഞ്ഞത് 8000 രൂപയിലേക്ക്. അവ ഇറക്കിയത് നാറ്റ്കോ, സിപ്ല തുടങ്ങിയ ഇന്ത്യൻ കമ്പനികൾ. മാത്രമല്ല ലോകമാകെ അത് കയറ്റുമതി ചെയ്യുകയും ചെയ്ത് ഭീമൻമാരെ മുട്ടുകുത്തിച്ചു. അതോടെയാണ് ഇന്ത്യക്ക് “ലോകത്തിൻ്റെ മരുന്നുശാല” (Pharmacy of the World) എന്ന് പുകൾ പെറ്റത്.
2020 ൽ കോവിഡ് ലോകത്തെ കീഴടക്കിയപോൾ ഈ വിഷയം വീണ്ടും ചൂട് പിടിച്ചു. പാശ്ചാത്യ സമ്പന്ന രാജ്യങ്ങളിലെ ഭീമൻമാർ ഇതിനായി വികസിപ്പിച വാക്സിൻ വികസ്വര രാജ്യങ്ങളിൽ എത്തിയില്ല. ഫൈസർ ഉൽ പാദിപ്പിച്ച വാക്സിൻ ആദ്യ വർഷം വികസ്വര രാജ്യങ്ങളിൽ എത്തിയത് ഒരു ശതമാനം ! അതോടെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ആഗോള തലത്തിൽ കോവിഡ് വാക്സിന് പേറ്റൻ്റ് ഇളവിനായി ശബ്ദം ഉയർത്തി. മാർപാപ്പയും നോബൽ സമ്മാനിതരായ ഒട്ടേറെ ശാസ്ത്രജ്ഞരും നൂറോളം രാജ്യങ്ങളും പിന്തുണച്ചു. പക്ഷേ സമ്പന്ന രാജ്യങ്ങളും മരുന്ന് കുത്തകകളും ചെറുത്തതിനാൽ ഭാഗികമായ വിജയമേ ഉണ്ടായുള്ളൂ. പക്ഷേ അതോടെ വെല്ലുവിളി ഏറ്റെടുത്ത് ഇന്ത്യയും ഭക്ഷിണാഫ്രിക്കയും സ്വന്തമായി വാക്സിൻ വികസിപ്പിക്കുകയും ലോകമാകെ കയറ്റുമതി ചെയ്യുകയും ചെയ്ത് കൊടി പാറിച്ചു. ഇന്ത്യ 101 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് 30 കോടി വാക്സിൻ ഡോസ് ആണ്.
ഇങ്ങനെ ലോകമാകെ പരിചിതമായ ഒരു ആഗോളപ്പോരാട്ടത്തിൽ ആരുടെയോ തെറ്റായ ഉപദേശം മൂലമോ അടിയന്തിരമായ രാഷ്ട്രീയമോ മുൻനിർത്തി കേരളത്തിലെ CPM നേതാക്കൾ സ്വീകരിച്ച നിലപാടുകൾ പരസ്യമായി പുനഃപരിശോധിക്കുമെന്ന് കരുതാമോ ?