കൊച്ചി നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാർ അപകടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വാഹനം സഞ്ചരിച്ചിരുന്നത് അമിത വേഗതയിലാണെന്ന് പോലീസ് വ്യക്തമാക്കി. ഏകദേശം 140-150 കിലോമീറ്റർ വേഗതയിലാണ് വാഹനം സഞ്ചരിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അര കിലോമീറ്റർ ദൂരം വെറും 11 സെക്കൻഡുകൾ കൊണ്ടാണ് വാഹനം കടന്നുപോയത്. എന്നാൽ, 120 കിലോമീറ്റർ വേഗതയിലായിരുന്നു വാഹനം എന്നായിരുന്നു പ്രതിയായ സുഹൈൽ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്.
അപകടത്തിന് ഏതാനും സെക്കൻഡുകൾക്ക് മുൻപ് സുഹൈലിന്റെ സുഹൃത്ത് ജോയൽ പകർത്തിയ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. വാഹനത്തിന്റെ സ്പീഡോമീറ്റർ വ്യക്തമാകുന്ന ഈ വീഡിയോ ജോയൽ സ്നാപ്ചാറ്റിൽ സുഹൃത്തുക്കൾക്ക് അയച്ചിരുന്നു. അപകടസമയത്ത് ജോയൽ, നിനവ്, അമീൻ എന്നിവരും സുഹൈൽ സജീവിനൊപ്പം വാഹനത്തിലുണ്ടായിരുന്നു.
അപകടത്തിന്റെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി വാഹനത്തിന്റെ ഇഡിആർ (EDR - Event Data Recorder) ഡാറ്റ ജർമ്മനിയിലേക്ക് അയച്ചിട്ടുണ്ട്. ബിഎംഡബ്ലിയു ആസ്ഥാനത്തെ വിദഗ്ധർ ഇത് പരിശോധിച്ച ശേഷമേ ഔദ്യോഗിക വിവരങ്ങൾ ലഭ്യമാകൂ. കമ്പനിയുടെ സ്വകാര്യതാനയങ്ങൾ കാരണം ഈ ഡാറ്റ ലഭിക്കാൻ സമയമെടുക്കുമെന്നിരിക്കെയാണ് ജോയലിന്റെ ഫോണിൽനിന്നുള്ള ദൃശ്യങ്ങൾ കേസിൽ നിർണായകമാകുന്നത്.
അതിനിടെ, കേസിൽ പ്രതികൾ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണിത്. പോലീസ് റിപ്പോർട്ട് ലഭിച്ച ശേഷം അടുത്തയാഴ്ച കോടതി ഇരുപക്ഷത്തിന്റെയും വാദം കേൾക്കും. അതിനിടയിൽ, കേസിൽ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.
11 സെക്കൻഡിൽ അര കിലോമീറ്റർ, നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ പറന്നത് 140 കി.മീ വേഗതയിൽ; നിർണായക വീഡിയോ പുറത്ത്