പി. പി. ദിവ്യയുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ ഗുരുതര വെളിപ്പെടുത്തലുകളുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് രംഗത്തെത്തി. വിഷയത്തിൽ മുഹമ്മദ് ആസിഫിന്റെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട ഷമ്മാസ്, താൻ പണം ആവശ്യപ്പെട്ടെന്ന ആരോപണം തെളിയിക്കാൻ ആസിഫിനെ വെല്ലുവിളിക്കുകയും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും രേഖകളും ആധികാരികമായി തന്നെ നൽകുമെന്നും, താൻ ഹാജരാക്കുന്ന തെളിവുകളുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച ഇരുവരും സ്വന്തം കുഴി തോണ്ടുകയാണ് ചെയ്തതെന്നും അദ്ദേഹം പരിഹസിച്ചു.
വിഷയത്തിൽ പി. പി. ദിവ്യ അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും ശബ്ദരേഖയും ഷമ്മാസ് മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ടു. "ആസിഫ് പണം തരും, 3 ലക്ഷം രൂപയാണ്, പ്രസിഡന്റ് പറഞ്ഞതാണെന്ന് പറഞ്ഞാൽ മതി" എന്നാണ് ദിവ്യ അയച്ച സന്ദേശത്തിലുള്ളത്. 'വൈസിന് കൊടുത്തോ' എന്ന് ചാറ്റിൽ ചോദിക്കുന്നത് അന്നത്തെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ബിനോയ് കുര്യന് പണം നൽകുന്നതിനെക്കുറിച്ചാണെന്നും ഷമ്മാസ് വെളിപ്പെടുത്തി. നിലവിലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ബിനോയ് കുര്യനും ഈ വിഷയം സംബന്ധിച്ച അഴിമതിയിൽ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
മുഹമ്മദ് ആസിഫിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്ദസന്ദേശവും കഴിഞ്ഞ ദിവസം പ്രചരിച്ച പണമിടപാടിന്റെ ബാങ്ക് ട്രാൻസാക്ഷൻ സ്ക്രീൻഷോട്ടുകളും ഒറിജിനലാണെന്ന് ഷമ്മാസ് സ്ഥിരീകരിച്ചു. ബിനോയ് കുര്യനുവേണ്ടി സംസാരിക്കുന്നതും, അദ്ദേഹം പറഞ്ഞ കാര്യം ചെയ്യണമെന്ന് ആസിഫ് മറ്റൊരാളോട് ആവശ്യപ്പെടുന്നതുമാണ് ശബ്ദരേഖയിലുള്ളത്. വലിയ തുകയുടെ കാര്യമാണെങ്കിൽ ഏൽക്കേണ്ടതില്ലെന്ന് പി. പി. ദിവ്യ പറഞ്ഞതായി ആസിഫ് ഓഡിയോ ക്ലിപ്പിൽ വ്യക്തമാക്കുന്നുണ്ട്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരനായിരുന്ന അജിത് രാജി വെച്ചു പോയ സംഭവത്തിന് പിന്നിലും ഈ ഇടപാടുകൾക്ക് പങ്കുണ്ടെന്നും, കൃത്യമായി അന്വേഷിച്ച ശേഷമാണ് താൻ വിജിലൻസിൽ പരാതി നൽകിയതെന്നും ഷമ്മാസ് വ്യക്തമാക്കി.