ആറന്മുള ഒരുങ്ങി; 56 ദിവസം നീളുന്ന വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം
പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ വള്ളസദ്യയ്ക്ക് ഇന്ന് തുടക്കമാകും. 56 ദിവസം നീളുന്ന മഹാവിരുന്നിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉച്ചയ്ക്ക് 12 മണിക്ക് ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായ ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു എന്നിവരുൾപ്പെടെ ജനപ്രതിനിധികളും ദേവസ്വം ഭാരവാഹികളും പങ്കെടുക്കും.
ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് ദീപം കൈമാറി ആനക്കൊട്ടിലിൽ നിലവിളക്ക് തെളിയിക്കുന്നതോടെയാണ് വള്ളസദ്യയ്ക്ക് ഔപചാരിക തുടക്കമാകുക. തുടർന്ന് ഇലയിൽ വിഭവങ്ങൾ വിളമ്പുന്നതോടെ ആറന്മുളയുടെ പൈതൃകവും വിശ്വാസവും ഒരുമിക്കുന്ന വള്ളസദ്യയ്ക്ക് തിരിതെളിയും. ആദ്യദിനത്തിൽ കീഴ്‌ച്ചേരിമേൽ, തെക്കേമുറി, കോടിയാട്ടുകര, തോട്ടപ്പുഴശ്ശേരി, മല്ലപ്പുഴശ്ശേരി, പൂവത്തൂർ പടിഞ്ഞാറ്, തെക്കേമുറി കിഴക്ക്, മേലുകര, ഇടശ്ശേരിമല, ചെറുകോൽ എന്നീ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന പത്ത് പള്ളിയോടങ്ങളാണ് വള്ളസദ്യയിൽ പങ്കെടുക്കുന്നത്.
സെപ്റ്റംബർ 16 വരെ നടക്കുന്ന വള്ളസദ്യയ്ക്ക് ഇത്തവണ റെക്കോർഡ് ബുക്കിങ്ങാണ് ലഭിച്ചിരിക്കുന്നതെന്ന് പള്ളിയോട സേവാസംഘം അറിയിച്ചു. ഇതിനകം തന്നെ 502 വള്ളസദ്യകൾ ഭക്തർ വഴിപാടായി ബുക്ക് ചെയ്തിട്ടുണ്ട്. ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങൾ വഴിപാടുകളുടെ ക്രമമനുസരിച്ച് ദിവസേന വള്ളസദ്യയിൽ പങ്കെടുക്കും. വഴിപാടുകാരോടൊപ്പം സാധാരണ ഭക്തർക്കും വള്ളസദ്യയിൽ പങ്കെടുക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. ഓൺലൈനായും നേരിട്ടും ലഭ്യമാകുന്ന പ്രത്യേക പാസുകൾ വഴിയാണ് പ്രവേശനം ക്രമീകരിച്ചിരിക്കുന്നത്.
വള്ളസദ്യക്കെത്തുന്ന ഭക്തരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് ആറന്മുള ക്ഷേത്രത്തിലേക്ക് 500 പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്. വലിയ ഭക്തജന പങ്കാളിത്തമാണ് ഇത്തവണത്തെ വള്ളസദ്യയിൽ അധികൃതർ പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ തനത് പൈതൃകത്തിന്റെയും ഭക്തിപാരമ്പര്യത്തിന്റെയും പ്രതീകമായ ആറന്മുള വള്ളസദ്യ, പള്ളിയോടങ്ങളുടെ സാന്നിധ്യവും വിഭവസമൃദ്ധമായ സദ്യയും ചേർന്ന അപൂർവ ആചാരമായി ഓരോ വർഷവും ആയിരക്കണക്കിന് ഭക്തരെയും സന്ദർശകരെയും ആകർഷിക്കുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.