ജന്തർ മന്തർ പ്രതിഷേധം: 'ബിജെപി ഗുണ്ടകളെ ഇറക്കി, പോലീസ് ഒത്താശ ചെയ്തു'; ഗുരുതര ആരോപണവുമായി സിജെപി പ്രസിഡന്റ് അഭിജീത്ത് ദീപ്‌കെ
ഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധം അട്ടിമറിക്കാൻ ബിജെപി പുറത്തുനിന്ന് ഗുണ്ടകളെ ഇറക്കിയെന്ന ഗുരുതര ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രസിഡന്റ് അഭിജീത്ത് ദീപ്‌കെ. കഴിഞ്ഞ ഒരുമാസമായി സമാധാനപരമായി നടന്നുവരുന്ന പ്രതിഷേധം ശക്തമായതോടെയാണ് അക്രമം സൃഷ്ടിക്കാൻ ശ്രമങ്ങളുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ദീപ്‌കെ ആരോപണങ്ങൾ ഉന്നയിച്ചത്. പ്രതിഷേധത്തിനിടെ ഗുണ്ടകൾ കല്ലേറ് നടത്തിയെന്നും ഇതിനായി കല്ലുകൾ നിറച്ച ട്രക്ക് എത്തിക്കാൻ പോലീസാണ് സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാർജ് അതിക്രൂരമായിരുന്നുവെന്നും അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ദീപ്‌കെ വ്യക്തമാക്കി. സംഭവത്തിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പോലീസും അക്രമസംഘങ്ങളും തമ്മിൽ ചേർന്നാണ് പ്രവർത്തിച്ചതെന്നാണ് ദീപ്‌കെയുടെ മറ്റൊരു ആരോപണം. സിവിൽ വേഷത്തിലുള്ള പോലീസുകാർ വാഹനങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പന്ത്രണ്ടും പതിനഞ്ചും വയസുള്ള പെൺകുട്ടികളെ പോലീസ് ക്രൂരമായി മർദിച്ചെന്നും അവരുടെ വസ്ത്രങ്ങൾ വലിച്ചുകീറിയെന്നുമുള്ള ഗുരുതര ആരോപണവും ദീപ്‌കെ ഉന്നയിച്ചു.
സർക്കാരുമായി ചർച്ച നടത്താൻ നേരത്തെ ശ്രമിച്ചിരുന്നുവെങ്കിലും അഞ്ച് മണിക്കൂറിലേറെ കാത്തിരുത്തിയശേഷം വെറും പത്ത് മിനിറ്റ് മാത്രമാണ് സംസാരിക്കാൻ അവസരം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സമയം പാഴാക്കുകയാണെന്നും ഇനി ചർച്ച നടത്തണമെങ്കിൽ അത് ജന്തർ മന്തറിൽ വെച്ചായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"ജന്തർ മന്തറിന്റെ വാതിൽ എല്ലാവർക്കുമായി തുറന്നുകിടക്കുകയാണ്. സർക്കാർ പ്രതിനിധികൾക്ക് അവിടെ എത്തി ചർച്ച നടത്താം," എന്നും ദീപ്‌കെ പറഞ്ഞു.അതേസമയം, നിരാഹാര സമരം തുടരുന്ന സോനം വാങ്ചുകിനോട് സമരം അവസാനിപ്പിക്കണമെന്ന് അഭിജീത്ത് ദീപ്‌കെ അഭ്യർഥിക്കുകയും ചെയ്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.