Logo
Wed, Jul 15, 2026 • 11:57 AM
LIVE TV
Watch

No business videos available

No Middle East videos available

യമാൽ മാത്രമല്ല, ഇത് ഡി ലാ ഫ്യൂന്റെയുടെ കില്ലർ ടീം; ഫ്രഞ്ച് പടയെ തകർത്തത് സ്പാനിഷ് സംഘശക്തി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 15, 2026
1 min read
SHARE:
SAVE: Login to save

യമാൽ മാത്രമല്ല, ഇത് ഡി ലാ ഫ്യൂന്റെയുടെ കില്ലർ ടീം; ഫ്രഞ്ച് പടയെ തകർത്തത് സ്പാനിഷ് സംഘശക്തി

ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിന്റെ അപരാജിത കുതിപ്പിന് തടയിട്ട് സ്പെയിൻ ഫൈനലിലേക്ക് മാർച്ച് ചെയ്യുമ്പോൾ, ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത് അവരുടെ അതിശയിപ്പിക്കുന്ന സംഘശക്തിയെക്കുറിച്ചാണ്. സൂപ്പർ താരം ലാമിൻ യമാലിന്റെ തിളക്കത്തിനപ്പുറം, മിന്നും ഗോളുകളുമായി ഒയർസബാലും പെഡ്രോ പോറോയും, ഉറച്ച കോട്ടയായി സ്പാനിഷ് പ്രതിരോധവും നിലയുറപ്പിച്ചപ്പോൾ ഫ്രഞ്ച് സൈന്യത്തിന് ആയുധം വെച്ചു കീഴടങ്ങേണ്ടി വന്നു. വമ്പൻ പേരുകളിലല്ല, ഒത്തൊരുമയിലാണ് കാര്യമെന്ന് തെളിയിച്ചാണ് സ്പെയിൻ ഫൈനൽ ടിക്കറ്റെടുത്തത്.

നാണക്കേടിൽ നിന്ന് റെക്കോർഡിലേക്ക് 'സൈലന്റ് കില്ലർ' ഒയർസബാൽ

കൗമാര വിസ്മയം ലാമിൻ യമാലിന് ടൂർണമെന്റിൽ ആകെ ഒരു ഗോൾ മാത്രമുള്ളപ്പോഴാണ് സ്പെയിനിന്റെ 'സൈലന്റ് കില്ലർ' മിക്കേൽ ഒയർസബാൽ അഞ്ച് ഗോളുകളുമായി ചരിത്രം കുറിക്കുന്നത്. മുൻപ് കാബോ വെർദെക്കെതിരായ മത്സരത്തിൽ 30 മിനിറ്റോളം പന്ത് കിട്ടാതെ ഗ്രൗണ്ടിൽ വെറുതെ ഓടേണ്ടി വന്നതിന്റെ വലിയ നാണക്കേടും നിരാശയും ഒയർസബാലിനുണ്ടായിരുന്നു. എന്നാൽ ഇന്നിതാ ഒരു ലോകകപ്പിൽ അഞ്ച് ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം സ്പാനിഷ് താരമെന്ന റെക്കോർഡിലേക്ക് അവൻ എത്തിയിരിക്കുന്നു. പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ ഏറ്റവും വിശ്വസ്തനായ ആയുധമായി ഒയർസബാൽ മാറിക്കഴിഞ്ഞു.

മാന്ത്രികത കാട്ടി പ്രതിരോധ താരം പെഡ്രോ പോറോ

മത്സരത്തിലെ മറ്റൊരു അത്ഭുതം പ്രതിരോധ താരം പെഡ്രോ പോറോയുടെ പ്രകടനമാണ്. ഒരാഴ്ച മുൻപ് വരെ സ്പെയിൻ ദേശീയ ടീമിനായി ഒരൊറ്റ അന്താരാഷ്ട്ര ഗോൾ പോലും പോറോയുടെ പേരിലുണ്ടായിരുന്നില്ല. ഓസ്ട്രിയക്കെതിരായ മത്സരത്തിൽ കന്നി ഗോൾ കുറിച്ച താരം, ഇന്നിതാ ഫ്രാൻസിന്റെ നെഞ്ചകം പിളർന്ന് വീണ്ടുമൊരു മിന്നും ഗോൾ സ്വന്തമാക്കിയിരിക്കുന്നു. ഒരു ഡിഫൻഡറിൽ നിന്ന് ഇതിലും വലിയ മാന്ത്രികതയൊന്നും ഒരു ടീമിന് പ്രതീക്ഷിക്കാനില്ല.

എംബാപ്പെയെ പൂട്ടിയ സ്പാനിഷ് പ്രതിരോധപ്പൂട്ട്

ടൂർണമെന്റിലുടനീളം കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് വെറും ഒരൊറ്റ ഗോൾ മാത്രം വഴങ്ങിയ പ്രതിരോധ നിരയാണ് സ്പെയിനിന്റെ യഥാർത്ഥ കരുത്ത്. ലപ്പോർട്ടെയുടെ പരിചയസമ്പത്തും കുക്രേയയുടെ പോരാട്ടവീര്യവും കൗമാരക്കാരൻ കുബാർസിയുടെ യുവരക്തവും ചേർന്ന പ്രതിരോധ നിരയ്ക്ക് മുന്നിൽ കിലിയൻ എംബാപ്പെ അടക്കമുള്ള ഫ്രഞ്ച് സൂപ്പർതാരങ്ങൾ നിഷ്പ്രഭരായി. ഇതിനെല്ലാം പുറമെ, ഗോൾപോസ്റ്റിന് മുന്നിൽ അനാവശ്യ സാഹസങ്ങൾക്കൊന്നും മുതിരാതെ തികഞ്ഞ ആത്മവിശ്വാസത്തോടെ നിലയുറപ്പിച്ച ഉനായ് സിമോൺ കൂടിയായപ്പോൾ ഒരു ചാമ്പ്യൻ ടീമിന് വേണ്ട എല്ലാ ചേരുവകളും ചേർന്ന തികവുറ്റ സംഘമായി സ്പെയിൻ മാറി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10