അമേരിക്കയിലേക്കുള്ള യാത്രയ്ക്കായി അപേക്ഷിക്കുന്ന ചില വിദേശ പൗരന്മാർക്ക് ഇനി 20,000 അമേരിക്കൻ ഡോളർ (ഏകദേശം 17 ലക്ഷം രൂപ) വരെ വിസ ബോണ്ട് നിർബന്ധമാക്കുന്ന പദ്ധതി സ്ഥിരനിയമമാക്കി അമേരിക്ക. പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ 50 രാജ്യങ്ങളിലെ പൗരന്മാർക്കാണ് പുതിയ ചട്ടം ബാധകമാകുക. ഇതുസംബന്ധിച്ച അന്തിമ വിജ്ഞാപനം അമേരിക്കൻ ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ചു.
ബിസിനസ് ആവശ്യങ്ങൾക്കുള്ള ബി-1 വിസയും വിനോദസഞ്ചാര ആവശ്യങ്ങൾക്കുള്ള ബി-2 വിസയും അപേക്ഷിക്കുന്നവർക്കാണ് പുതിയ വ്യവസ്ഥ ബാധകമാകുന്നത്. ഓരോ അപേക്ഷയും കോൺസുലർ ഉദ്യോഗസ്ഥർ പ്രത്യേകം പരിശോധിച്ച ശേഷമായിരിക്കും ബോണ്ട് തുക നിശ്ചയിക്കുക.
പുതിയ ചട്ടപ്രകാരം വിസ അനുവദിക്കുന്നതിന് മുമ്പ് അപേക്ഷകരോട് പരമാവധി 20,000 ഡോളർ വരെ ബോണ്ട് കെട്ടിവെക്കാൻ കോൺസുലർ ഉദ്യോഗസ്ഥർക്ക് ആവശ്യപ്പെടാം. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയിൽ 5,000, 10,000, 15,000 ഡോളർ എന്നിങ്ങനെയായിരുന്നു ബോണ്ട് തുക. എന്നാൽ പുതിയ സംവിധാനത്തിൽ 5,000 ഡോളർ എന്ന ഓപ്ഷൻ ഒഴിവാക്കുകയും പരമാവധി ബോണ്ട് തുക 20,000 ഡോളറായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
2026 ഓഗസ്റ്റ് 3 മുതൽ പുതിയ ചട്ടം പ്രാബല്യത്തിൽ വന്നു. പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള 50 രാജ്യങ്ങളിൽ 30 രാജ്യങ്ങളും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ളവയാണ്. വിസ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയിൽ തുടരുന്നവരുടെ എണ്ണം കുറയ്ക്കുകയും കുടിയേറ്റ നിയമങ്ങൾ കർശനമായി പാലിക്കുന്നത് ഉറപ്പാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അമേരിക്കൻ അധികൃതർ വ്യക്തമാക്കി.
2025-ൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ വിസ ബോണ്ട് പദ്ധതിയുടെ ഫലങ്ങൾ വിലയിരുത്തിയ ശേഷമാണ് ഇത് സ്ഥിരനിയമമാക്കാൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു.
അതേസമയം, പുതിയ നടപടി നിയമാനുസൃതമായി അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന നിരവധി പേരെ പ്രതികൂലമായി ബാധിക്കുമെന്ന് കുടിയേറ്റ അവകാശ പ്രവർത്തകർ വിമർശിച്ചു. ഉയർന്ന ബോണ്ട് തുക കാരണം സാധാരണ അപേക്ഷകർക്ക് സാമ്പത്തിക ഭാരം വർധിക്കുമെന്നും ഇത് പലരെയും യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തെയും നിയമപരമായ നടപടിക്രമങ്ങളെയും ബാധിക്കുന്നതാണെന്നും വംശീയ ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. എന്നാൽ ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനുമാണ് പുതിയ നടപടികളെന്ന് ട്രംപ് ഭരണകൂടം വിശദീകരിക്കുന്നു.
അനധികൃത കുടിയേറ്റത്തിനെതിരെ കർശന നിലപാട് സ്വീകരിച്ച ട്രംപ് ഭരണകൂടം, ചില വിസ വിഭാഗങ്ങളിലെ അപേക്ഷാ ഫീസ് വർധിപ്പിക്കൽ, അപേക്ഷകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിശദമായ പരിശോധന തുടങ്ങിയ നടപടികളിലൂടെ നിയമാനുസൃത കുടിയേറ്റ നടപടിക്രമങ്ങളും കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
അമേരിക്കൻ വിസയ്ക്ക് ഇനി 20,000 ഡോളർ വരെ ബോണ്ട്; 50 രാജ്യങ്ങളിലെ അപേക്ഷകർക്ക് പുതിയ ചട്ടം സ്ഥിരമാക്കി യു.എസ്