ന്യൂഡൽഹി: ഫോണിൽ മൊബൈൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യുപിഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം അവതരിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ‘യുപിഐ ടാപ്പ് ആൻഡ് പേ’ (UPI Tap and Pay), എ.ഐ അധിഷ്ഠിത കസ്റ്റമർ സപ്പോർട്ട് പ്ലാറ്റ്‌ഫോമായ ‘മൈയുപിഐ’ (MyUPI) എന്നീ പുതിയ പദ്ധതികളാണ് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചത്.
ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ സുരക്ഷിതവും ലളിതവും സൗകര്യപ്രദവുമാക്കുകയാണ് പുതിയ സംവിധാനങ്ങളുടെ ലക്ഷ്യമെന്ന് ആർബിഐ വ്യക്തമാക്കി. നിലവിൽ രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളുടെ 89 ശതമാനവും യുപിഐ വഴിയാണ് നടക്കുന്നത്.
എങ്ങനെ പ്രവർത്തിക്കും ‘യുപിഐ ടാപ്പ് ആൻഡ് പേ’?
കോൺടാക്ട്‌ലെസ് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന് സമാനമായ രീതിയിലാണ് യുപിഐ ടാപ്പ് ആൻഡ് പേ പ്രവർത്തിക്കുക. എൻഎഫ്സി (NFC) സൗകര്യമുള്ള സ്മാർട്ട്ഫോൺ അൺലോക്ക് ചെയ്ത് എൻഎഫ്സി പിന്തുണയ്ക്കുന്ന പി.ഒ.എസ് (POS) മെഷീനിൽ ടാപ്പ് ചെയ്താൽ പേയ്‌മെന്റ് നടത്താം.
ഇതിനായി ഉപയോക്താവിന്റെ ഫോണിൽ മൊബൈൽ ഡാറ്റ കണക്ഷൻ ആവശ്യമായി വരില്ല. പി.ഒ.എസ് മെഷീന്റെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ചാണ് ഇടപാട് പൂർത്തിയാക്കുന്നത്.
5,000 രൂപ വരെയുള്ള ചെറിയ ഇടപാടുകൾക്ക് യുപിഐ പിൻ നൽകേണ്ടതില്ല. എന്നാൽ 5,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് യുപിഐ പിൻ നൽകേണ്ടിവരും. റുപേ ക്രെഡിറ്റ് കാർഡുകൾ ഉൾപ്പെടെയുള്ള യുപിഐ-ലിങ്ക്ഡ് അക്കൗണ്ടുകൾ ഉപയോഗിച്ചും ഈ സേവനം പ്രയോജനപ്പെടുത്താനാകും.
എന്താണ് ‘മൈയുപിഐ’?
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ച എ.ഐ അധിഷ്ഠിത ഉപഭോക്തൃ സേവന പ്ലാറ്റ്‌ഫോമാണ് ‘മൈയുപിഐ’. എൻപിസിഐയുടെ FiMI സ്മോൾ ലാംഗ്വേജ് മോഡലിനെ അടിസ്ഥാനമാക്കിയാണ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്.
യുപിഐ അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെട്ടതായി ഉപയോക്താവിന് സംശയം തോന്നുന്ന സാഹചര്യത്തിൽ പണം നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കുന്ന സുരക്ഷാ സംവിധാനങ്ങളും മൈയുപിഐയിൽ ഉൾപ്പെടുന്നു. സ്വന്തം മൊബൈൽ നമ്പർ വഴി യുപിഐ പേയ്‌മെന്റുകൾ ലഭിക്കുന്നത് തടയാനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കും.
പുതിയ സംവിധാനങ്ങളിലൂടെ ഇന്റർനെറ്റ് ലഭ്യതയില്ലാത്ത സാഹചര്യങ്ങളിലും കൂടുതൽ ലളിതവും സുരക്ഷിതവുമായ ഡിജിറ്റൽ പേയ്‌മെന്റ് അനുഭവം ഉറപ്പാക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്.