വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ അഭിപ്രായഭിന്നതകൾ ഉടലെടുത്ത സാഹചര്യത്തിൽ, വിഷയത്തിൽ പ്രതിഷേധവും സമ്മർദ്ദവും കടുപ്പിക്കാൻ കോൺഗ്രസ് തീരൂമാനിച്ചു. വിഷയം സമഗ്രമായി അന്വേഷിക്കണമെന്നും കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെടാൻ പാർട്ടി ഒരുങ്ങുകയാണ്. ഇന്ന് ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി (CWC) യോഗം ഈ വിഷയം വിശദമായി ചർച്ച ചെയ്യും.
വർക്കിംഗ് കമ്മിറ്റി യോഗത്തിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾ ആരായുകയും വോട്ടർ പട്ടിക പരിഷ്കരണത്തിലെ അപാകതകളെക്കുറിച്ച് പാർട്ടി നിലപാട് വ്യക്തമാക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെടുന്ന പ്രത്യേക പ്രമേയം യോഗത്തിൽ അവതരിപ്പിക്കാനും സാധ്യതയുണ്ട്. ഇതിനുശേഷമായിരിക്കും വിഷയം സംബന്ധിച്ച ഔദ്യോഗിക പ്രതികരണം പാർട്ടി നടത്തുക.
അതേസമയം, വോട്ടർ പട്ടിക വിവാദത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. വിഷയം ചർച്ച ചെയ്യുന്നതിനായി 'ഇന്ത്യ' സഖ്യത്തിലെ പ്രമുഖ നേതാക്കളുടെ യോഗം നാളെ ചേരും. കൂടാതെ, ഡൽഹിയിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.