തമിഴ്നാട്ടിലെ രണ്ട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രസംഗം വീണ്ടും രാഷ്ട്രീയ വിവാദത്തിൽ. ധരാപുരത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടയിലാണ് മുഖ്യമന്ത്രി വിജയ്ക്കെതിരെയുള്ള ഉദയനിധിയുടെ 'മൂഡ്' പരാമർശം വലിയ ചർച്ചയായത്. മുഖ്യമന്ത്രിക്ക് കടൽക്കരയിൽ പുതിയ നിയമസഭാ മന്ദിരം വേണമെന്നും, ബീച്ച് കണ്ടാലേ ജോലി ചെയ്യാനുള്ള 'മൂഡ്' വരൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പ്രസംഗത്തിനിടെ "നിങ്ങൾ ഓരോന്ന് പറഞ്ഞിട്ട് പോകും, അയാൾക്ക് കോപം വന്നാൽ തനിക്കെതിരേ കേസെടുക്കും" എന്നും ഉദയനിധി തമാശയായി കൂട്ടിച്ചേർത്തിരുന്നു. എന്നാൽ, പ്രസംഗവേളയിൽ ഉദയനിധി ഈ പരാമർശം നടത്തുമ്പോൾ പ്രചാരണ വാഹനത്തിലുണ്ടായിരുന്ന വനിതാ സ്ഥാനാർഥി നാണത്തോടെ തലതാഴ്ത്തുന്നതും ചിരിക്കുന്നതുമായ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിക്കഴിഞ്ഞു.
ഉദയനിധിയുടെ അശ്ലീലച്ചുവയുള്ള പരാമർശത്തിനെതിരെ വിജയിയുടെ പാർട്ടിയായ ടിവികെയും (TVK) കടുത്ത വിമർശനവുമായി രംഗത്തെത്തി. പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധിയാണ്' അദ്ദേഹമെന്ന് ടിവികെ നേതാക്കൾ പരിഹസിച്ചു. അശ്ലീല പരാമർശങ്ങൾ നടത്തിയതിന് മുൻപും അറസ്റ്റിലായിട്ടും ഉദയനിധിക്ക് നാവിന് വിലങ്ങിടാൻ കഴിയുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.
ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രാഷ്ട്രീയത്തിനപ്പുറം മുഖ്യമന്ത്രിയുടെ വ്യക്തിജീവിതവും ലണ്ടൻ യാത്രയുമെല്ലാം പ്രതിപക്ഷ പാർട്ടികൾ ആയുധമാക്കുന്നുണ്ട്. മുഖ്യമന്ത്രിയും നടി തൃഷയും ലണ്ടനിൽ ഒരുമിച്ച് യാത്രപോയത് എടപ്പാടി പളനിസ്വാമിയും പ്രചാരണ യോഗങ്ങളിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനിടെ, മധുരാന്തകത്ത് ഡിഎംകെ വിജയിച്ചാൽ താൻ മന്ത്രിപദവി രാജിവയ്ക്കുമെന്ന് വെല്ലുവിളിച്ച് ടിവികെ നേതാവ് ആധവ് അർജുനയും രംഗത്തെത്തിയത് രാഷ്ട്രീയ പോരാട്ടം കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്.