കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധിത ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരു വർഷത്തേക്കുകൂടി സൗജന്യമാക്കി ആധാർ അതോറിറ്റി (യുഐഡിഎഐ). ഏഴു മുതൽ 15 വരെ വയസ്സുള്ളവർക്ക് 2027 സെപ്റ്റംബർ 30 വരെ ഇനി സൗജന്യമായി ആധാർ പുതുക്കാൻ സാധിക്കും. നേരത്തെ ഈ മാസം 30 വരെയായിരുന്നു ഇതിനുള്ള അവസാന തീയതി നിശ്ചയിച്ചിരുന്നത്.
രാജ്യമൊട്ടാകെ കോടിക്കണക്കിനു കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ഇനിയും അപ്‌ഡേറ്റ് ചെയ്യാനുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിൽ മാത്രം ഏകദേശം 10 ലക്ഷത്തോളം കുട്ടികളുടെ വിവരങ്ങൾ ഇത്തരത്തിൽ പുതുക്കാനുണ്ട്. വിരലടയാളം, രണ്ടു കണ്ണുകളുടെയും കൃഷ്ണമണിയുടെ അടയാളം, പുതിയ ഫോട്ടോ എന്നിവയാണ് ഈ സേവനത്തിലൂടെ സൗജന്യമായി പുതുക്കി നൽകുന്നത്.
കുട്ടികൾക്ക് മാതാപിതാക്കളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യം ആധാർ അനുവദിക്കുന്നത്. ആ സമയത്ത് കുഞ്ഞിന്റെ മുഖത്തിന്റെ ചിത്രം മാത്രമാണ് എടുക്കാറുള്ളത്. പിന്നീട് അഞ്ചു വയസ്സു തികയുമ്പോഴും, കുട്ടികൾ വളരുമ്പോൾ ശാരീരിക മാറ്റങ്ങൾ ഉണ്ടാകുമെന്നതിനാൽ 15 വയസ്സിലും ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും പുതുക്കേണ്ടതുണ്ട്.
നീറ്റ് (NEET) ഉൾപ്പെടെയുള്ള വിവിധ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ ആധാർ കാർഡ് നിർബന്ധമാണ്. കൂടാതെ സ്‌കോളർഷിപ്പുകൾ, മെഡിക്കൽ ആനുകൂല്യങ്ങൾ, റേഷൻ തുടങ്ങിയ സേവനങ്ങൾക്കും ആധാർ ബയോമെട്രിക് വിവരങ്ങൾ കൃത്യമായിരിക്കേണ്ടത് ആവശ്യമാണ്.
ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴും പുതിയ മൊബൈൽ ഫോൺ സിം കാർഡ് എടുക്കുമ്പോഴും വിരലടയാളം കൃത്യമായില്ലെങ്കിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. വിവരങ്ങൾ കൃത്യമല്ലെങ്കിൽ ആധാർ പ്രവർത്തനരഹിതമാകാനും പിന്നീട് പിഴ നൽകി വീണ്ടെടുക്കേണ്ടി വരാനും സാധ്യതയുണ്ട്. ആധാർ സേവനകേന്ദ്രങ്ങൾ, സ്‌കൂളുകളിലെ പ്രത്യേക ക്യാമ്പുകൾ, ബാങ്കുകൾ, പോസ്റ്റോഫീസുകൾ എന്നിവ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.