സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാര്‍ഷികത്തില്‍, നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ചും അച്ഛന്റെ കടുത്ത നിലപാടുകള്‍ ഓര്‍മ്മിപ്പിച്ചും മകന്‍ ബിനീഷ് കോടിയേരി സോഷ്യല്‍ മീഡിയയില്‍ വികാരാധീനമായ കുറിപ്പ് പങ്കുവെച്ചു. മക്കള്‍ക്കെതിരെ കേസ് വന്നപ്പോള്‍ കോടിയേരി ഒരിക്കലും പാര്‍ട്ടിയെ കവചമാക്കിയില്ലെന്നും, ഏത് പ്രതിസന്ധിയും സ്വയം നേരിടണമെന്ന് ശഠിച്ചയാളാണ് അദ്ദേഹമെന്നും ബിനീഷ് കുറിപ്പില്‍ വ്യക്തമാക്കി. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിയെ കവചമാക്കി പ്രതിരോധിക്കാന്‍ ശ്രമിച്ചതിനെയാണ് ബിനീഷ് തന്റെ പോസ്റ്റിലൂടെ ഉദ്ദേശിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
നേര്‍ക്കുനേര്‍ വരുമ്പോള്‍ ആര്‍.എസ്.എസിന് മുന്നില്‍ സന്ധി ചെയ്യുന്നതായിരുന്നില്ല കോടിയേരിയുടെ രാഷ്ട്രീയമെന്നും, തടവറയില്‍ കിടക്കുമ്പോഴും ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞതായും ബിനീഷ് ഓര്‍മ്മിച്ചു. കാലഘട്ടത്തിന്റെ പള്‍സ് അറിഞ്ഞ രാഷ്ട്രീയക്കാരനായിരുന്നു കോടിയേരിയെന്നും, സിപിഎം നേതൃനിരയിലെ നികത്താനാകാത്ത വിടവാണ് അദ്ദേഹത്തിന്റേതെന്നും ഓര്‍മ്മിപ്പിക്കുന്ന കുറിപ്പില്‍, ആര് വിസ്മൃതിയിലാക്കാന്‍ ശ്രമിച്ചാലും അത് വിലപ്പോകില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. "ഞാന്‍ ഇല്ലാതാവുന്നതോടെ നിങ്ങളും മോചിതരാകും, ഞാന്‍ മരിക്കുന്നതോടെ നിങ്ങളെ വേട്ടയാടുന്നത് അവര്‍ അവസാനിപ്പിക്കും" എന്ന് അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ പറയുമായിരുന്നുവെന്നും ബിനീഷ് കുറിച്ചു. തനിക്ക് നേരെയുണ്ടായ വേട്ടയാടലുകളെക്കുറിച്ചും കുടുംബം നേരിട്ട പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം കുടുംബത്തോട് പങ്കുവച്ചിരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. അദ്ദേഹം വിടപറഞ്ഞ് നാല് വര്‍ഷം പിന്നിടുമ്പോള്‍, കോടിയേരിയുടെ ഓര്‍മ്മകളെ ചിലര്‍ വിസ്മരിക്കാന്‍ ശ്രമിക്കുന്നതിനോട് കുടുംബത്തിന് കടുത്ത അതൃപ്തിയുള്ളതായാണ് സൂചന.
അതേസമയം, കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂരില്‍ നടക്കുന്ന അനുസ്മരണ പരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പങ്കെടുക്കാത്തതില്‍ കുടുംബം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പയ്യാമ്പലത്തെ സ്മൃതികുടീരത്തിലെ പുഷ്പാര്‍ച്ചനയിലും ഇരുവരും എത്തില്ല. കഴിഞ്ഞ മൂന്ന് വര്‍ഷവും ചടങ്ങുകളില്‍ സജീവമായി പങ്കെടുത്തിരുന്ന പ്രമുഖ നേതാക്കള്‍ ഇത്തവണ പങ്കെടുക്കാത്തത് പാര്‍ട്ടിയുടെ വിശാല ജില്ലാ സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതിനാലാണെന്നാണ് ഔദ്യോഗിക വിശദീകരണം.