തേക്കടി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി നിർദേശപ്രകാരം കേന്ദ്ര സർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ ഒന്നാം ഘട്ട സമഗ്ര സുരക്ഷാ പരിശോധനകൾ പൂർത്തിയായി. എൻ.എച്ച്.പി.സി. മുൻ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് എൻജിനീയറുമായ ബൽരാജ് ജോഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അണക്കെട്ടിലും അനുബന്ധ പ്രദേശങ്ങളിലും സുരക്ഷാ പരിശോധനകളും പഠനങ്ങളും നടത്തുന്നത്.
രാവിലെ തേക്കടിയിലെത്തിയ സംഘം ബോട്ട് മാർഗ്ഗമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് തിരിച്ചത്. പരിശോധനയുടെ ഭാഗമായി പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേയിലെ സ്ലൂയിസുകൾ, ഗാലറികൾ, മഴമാപിനികൾ, ഭൂകമ്പമാപിനികൾ എന്നിവ സംഘം നേരിട്ടെത്തി വിലയിരുത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ കൂടി വിദഗ്ധ സംഘത്തിന്റെ പരിശോധന തുടരും.
സെപ്റ്റംബർ നാലിന് കുമളിയിലെ മുല്ലപ്പെരിയാർ ഓഫീസിൽ ചേരുന്ന ഉന്നതതല യോഗത്തിൽ പരിശോധന സംബന്ധിച്ച വിശദവിവരങ്ങൾ സംഘം ചർച്ച ചെയ്യും. തുടർന്ന് ഡൽഹിക്ക് തിരിക്കുന്ന സമിതി, കേന്ദ്ര ജലവിഭവ കമ്മീഷൻ, സെൻട്രൽ ഡാം പ്രൊട്ടക്ഷൻ കമ്മീഷൻ, സുപ്രീം കോടതി എന്നിവർക്ക് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കും.