തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്‌ബോൾ ടീമിനെയും കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ സ്‌പോൺസറായ 'റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി' ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ എസ്.ഐ.ടി അന്വേഷണം ആരംഭിച്ചു. കായിക വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
റിപ്പോർട്ടർ കമ്പനിയുടെ 22 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പും, ഇത് സംബന്ധിച്ച നടപടികളിലുണ്ടായ ഉദ്യോഗസ്ഥതല കാലതാമസവും എസ്.ഐ.ടി വിശദമായി പരിശോധിക്കും. ജി.എസ്.ടി ഡെപ്യൂട്ടി കമ്മിഷണർ സി. ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡെപ്യൂട്ടി കമ്മിഷണർക്ക് പുറമെ മൂന്ന് ഇൻസ്പെക്ടർമാരും ഒരു ഓഫീസറും സംഘത്തിലുണ്ട്. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. വരും ദിവസങ്ങളിൽ സ്‌പോൺസറെ സമൻസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്.
അർജന്റീന ടീമിനെ എത്തിക്കുന്നതിനായി 126 കോടി രൂപ അർജന്റീന ഫുട്‌ബോൾ അസോസിയേഷന് നൽകിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ ഈ തുകയുടെ ജി.എസ്.ടിയായ 22.68 കോടി രൂപ സ്‌പോൺസർ അടച്ചിരുന്നില്ല. ഒന്നിലധികം തവണ സമൻസ് നൽകിയിട്ടും തുക അടയ്ക്കാൻ കമ്പനി തയ്യാറായില്ല.
കേസിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിനൊപ്പം മറ്റ് സർക്കാർ വകുപ്പുകളുടെ കൈവശമുള്ള രേഖകൾ ആവശ്യപ്പെടാനും പരിശോധിക്കാനും സംഘത്തിന് അധികാരം നൽകിയിട്ടുണ്ട്. സ്പോൺസറെ സംരക്ഷിക്കാൻ രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഇടപെടലുകളും അന്വേഷിക്കും. വിഷയം നേരത്തെ കൈകാര്യം ചെയ്ത കാഞ്ഞങ്ങാട്ടെ ജി.എസ്.ടി ഇന്റലിജൻസ് ഓഫീസറുടെ മൊഴി എസ്.ഐ.ടി ഉടൻ രേഖപ്പെടുത്തും.