കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകിയ ഉറപ്പ് പാലിച്ച് സർക്കാർ. ഇരകളുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പിലാക്കി വരുന്ന സമഗ്ര പാക്കേജായ 'സ്നേഹസാന്ത്വനം' പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി 14.40 കോടി രൂപയുടെ ഭരണാനുമതി നൽകി. 2026-2027 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിലെ ധനാഭ്യർത്ഥനയിൽ ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പ് വഴിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
അനുവദിച്ച തുകയുടെ ഭൂരിഭാഗവും ദുരിതബാധിതർക്കുള്ള നേരിട്ടുള്ള സാമ്പത്തിക ആശ്വാസത്തിനായാണ് വിനിയോഗിക്കുന്നത്. നിലവിൽ ധനസഹായം ലഭിക്കുന്ന 5,208 ഗുണഭോക്താക്കൾക്ക് 2026 ഏപ്രിൽ മുതൽ 2027 മാർച്ച് വരെയുള്ള പ്രതിമാസ പെൻഷനായി 9,84,31,200 രൂപയും, പുതുതായി പട്ടികയിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന 1,000 പേർക്കായി 2,64,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ, കിടപ്പുരോഗികളെ പരിചരിക്കുന്ന 771 കെയർ ഗിവേഴ്സിനുള്ള 'ആശ്വാസകിരണം' പ്രതിമാസ ധനസഹായത്തിനായി 64,76,400 രൂപയും നീക്കിവെച്ചു.
ദുരിതബാധിത കുടുംബങ്ങൾക്ക് സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്തുണ നൽകുന്നതിന്റെ ഭാഗമായി 400 കുട്ടികളുടെ 2026-27 അധ്യയന വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി 10,05,000 രൂപയും മാറ്റി വെച്ചിട്ടുണ്ട്. ഒപ്പം, കാസർഗോട്ടെ 10 മാതൃകാ ചൈൽഡ് പുനരധിവാസ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി 1,16,87,400 രൂപയും വിനിയോഗിക്കും.