'ധീര സ്മരണയില്‍ രാജ്യം'; പാക്കിസ്ഥാനെ മുട്ടുകുത്തിച്ച കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 27 വയസ്
കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 27 വയസ്സ് തികയുന്നു. 1999 ജൂലൈ 26-നാണ് ഇന്ത്യൻ സൈന്യത്തെയും ഭരണകൂടത്തെയും വെല്ലുവിളിച്ച പാക് നുഴഞ്ഞുകയറ്റക്കാരെ കാർഗിൽ മലനിരകളിൽ നിന്ന് ഇന്ത്യൻ സൈന്യം സമ്പൂർണ്ണമായി തുരത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്ററിലധികം ഉയരത്തിൽ, തണുത്തുറഞ്ഞ മഞ്ഞിൽ ഇന്ത്യയുടെ അജയ്യമായ സൈനിക കരുത്ത് പാകിസ്താൻ തൊട്ടറിഞ്ഞ ചരിത്രപരമായ പോരാട്ടമായിരുന്നു അത്.
വർഷത്തിൽ ഒമ്പത് മാസവും മഞ്ഞ് മൂടിക്കിടക്കുന്ന കാർഗിലിൽ കൊടും ശൈത്യകാലത്ത് ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ പിൻമാറുകയും തണുപ്പ് കുറയുമ്പോൾ തിരിച്ചെത്തുകയുമാണ് പതിവ്. എന്നാൽ 1999-ൽ കരാറുകൾ ലംഘിച്ച് പാക് സൈന്യം സാധാരണയിലും നേരത്തെ തിരികെയെത്തി പ്രദേശം കയ്യടക്കുകയായിരുന്നു. മെയ് മാസത്തിൽ പ്രദേശവാസികളായ ആട് മേയ്ക്കുന്നവരാണ് പാക് നുഴഞ്ഞുകയറ്റത്തെപ്പറ്റിയുള്ള നിർണ്ണായക വിവരം ആദ്യമായി ഇന്ത്യൻ പട്ടാളത്തിന് കൈമാറുന്നത്. തുടർന്ന് പട്രോളിംഗ് നടത്തി പാക് സാന്നിധ്യം ഉറപ്പുവരുത്തിയ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി ആരംഭിച്ചു. 1999 മെയ് മൂന്നിന് തുടങ്ങി 72 ദിവസത്തോളം നീണ്ടുനിന്ന വീറോചിതമായ പോരാട്ടത്തിനൊടുവിൽ ജൂലൈ 26-ന് യുദ്ധം ഔദ്യോഗികമായി അവസാനിക്കുകയും പാകിസ്താന് കനത്ത പരാജയം സമ്മതിക്കേണ്ടി വരികയും ചെയ്തു.
ക്യാപ്റ്റൻ ജെറി പ്രേം രാജ്, ലാൻസ് നായ്ക്ക് സജി കുമാർ, ലെഫ്റ്റനന്റ് കേണൽ ആർ. വിശ്വനാഥൻ തുടങ്ങി നിരവധി മലയാളി ധീരനായകർ ഉൾപ്പെടെ 527 ഇന്ത്യൻ ജവാന്മാരാണ് കാർഗിലിൽ വീരമൃത്യു വരിച്ചത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ആയിരത്തിലധികം പട്ടാളക്കാരെ പാകിസ്താനും നഷ്ടപ്പെട്ടു. രാജ്യം ഇന്നും അഭിമാനത്തോടെ ഓർക്കുന്ന ഈ കാർഗിൽ ദിനത്തിൽ സ്വന്തം രാജ്യത്തിനുവേണ്ടി കാവലാളുകളായി വീരമൃത്യു വരിച്ച ധീര യോദ്ധാക്കൾക്ക് ബിഗ് സല്യൂട്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.