തലശ്ശേരി: സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകരായ അഞ്ചുപേർക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് (3) കോടതി ജഡ്ജി റൂബി കെ. ജോസാണ് ശിക്ഷ വിധി പ്രസ്താവിച്ചത്. ചക്കരക്കൽ തലമുണ്ടയിലെ കെ. സമേഷിന്റെ കാൽ അക്രമിസംഘം ബോംബെറിഞ്ഞ് തകർത്ത കേസിലാണ് ഈ നടപടി.
കേസിലെ പ്രധാന പ്രതിയായ കോയ്യോട് ചെമ്പിലോട് കെ.വി. സിനോജ് (ചക്കി സിനോജ്) എന്നയാൾക്ക് ഇരുപത്തിയൊൻപതര വർഷം തടവുശിക്ഷ വിധിച്ചു. രണ്ടും അഞ്ചും വരെയുള്ള പ്രതികളായ ഏച്ചൂർ അയ്യപ്പൻമല ചടയൻ ഹൗസിൽ സിലനീഷ്, ചെമ്പിലോട് കോവിൽ കോരൻനായർ സ്മാരക വിജ്ഞാന കേന്ദ്രത്തിന് സമീപത്തെ ശിശിർ, സഹോദരൻ കെ.വി. ഷരോൺ, സി.കെ. ഷനിൽകുമാർ എന്നിവരെയാണ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്.
2016 ജനുവരി മൂന്നിന് വൈകിട്ട് അഞ്ചിന് ചെമ്പിലോട് കോവിൽ റോഡ് കവലയിലാണ് സംഭവം. ബോംബേറിൽ തലമുണ്ടയിലെ കെ. സമേഷിന്റെ ഇടതുകാൽ സംഭവസ്ഥത്ത് വച്ച് നഷ്ടമായിരുന്നു. ഒന്നിച്ചുണ്ടായിരുന്ന കണയന്നൂരിലെ ഒ.കെ. രാജേഷിന് ഗുരുതരമായി പരിക്കേറ്റു. സമീപത്തെ വീട്ടിൽ നിൽക്കുകയായിരുന്ന സഫിയത്തിനും പരിക്കേറ്റു. അഞ്ചു പ്രതികളും കണ്ടാലറിയുന്ന ഒരു പ്രതിയും ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. രൂപേഷ് ഹാജരായി. കണ്ണൂർ സിറ്റി പോലീസ് സി.ഐമാരായ കെ.എസ്.ഷാജി, പ്രകാശൻപടന്നയിൽ, കെ.വി.പ്രമോദൻ എന്നിവർ അന്വേഷണം നടത്തി. സി.ഐ പ്രദീപൻ കണ്ണിപ്പൊയിൽ കുറ്റപത്രം നൽകി. പ്രാസിക്യൂഷൻ 23 സാക്ഷികളെ വിസ്തരിച്ചു. 40 രേഖകൾ ഹാജരാക്കി.