ദുബായ്: ഫ്ളൈ ദുബായ് വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യം ഭീകരാക്രമണമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി യുഎഇ സ്ഥിരീകരിച്ചു. വിമാനത്തിലെ കോ-പൈലറ്റ് വിമാനത്തിനുള്ളിലെ കോക്ക്പിറ്റ് ക്രഷ് കോടാലി ഉപയോഗിച്ച് പ്രധാന പൈലറ്റിനെ ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് യുഎഇ ഫെഡറല്‍ പ്രോസിക്യൂട്ടറും അറ്റോര്‍ണി ജനറലുമായ കൗണ്‍സിലര്‍ ഡോ. ഹമദ് സൈഫ് അല്‍ ഷംസി അറിയിച്ചു.
സംഭവത്തിനു പിന്നിലെ പ്രധാന ലക്ഷ്യങ്ങള്‍, തീവ്രവാദ ബന്ധങ്ങള്‍, മറ്റ് കണ്ണികള്‍ എന്നിവ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമായി തുടരുകയാണെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. സാങ്കേതിക പരിശോധനകളും ഡിജിറ്റല്‍, ഭൗതിക തെളിവുകളുടെ വിശകലനങ്ങളും പൂര്‍ത്തിയായി വരികയാണെന്നും, വൈകാതെ തന്നെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും അധികൃതര്‍ അറിയിച്ചു. കോ-പൈലറ്റ് മുന്‍പ് ജോലി ചെയ്തിരുന്ന വിമാനക്കമ്പനികളും അവിടെയുള്ള പെരുമാറ്റ രീതികളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, കോ-പൈലറ്റിന്റെ ഭീകരാക്രമണ ശ്രമത്തെ വീരസ്യത്തോടെ ചെറുത്തുതോല്‍പ്പിക്കുകയും യാത്രക്കാരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്ത ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ സംസാരിച്ചു. നിലവില്‍ യുഎഇയിലും സൗദിയിലുമായി ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ധീരതയെ പ്രധാനമന്ത്രി പ്രശംസിച്ചു