രാജ്യത്തെ ജനങ്ങൾ നേരിടുന്ന അനീതികൾക്കും കഷ്ടപ്പാടുകൾക്കും എതിരെയുള്ള പോരാട്ടങ്ങൾ പങ്കുവെക്കുന്നതിനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 'സത്യഗ്രഹ' എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് തുടക്കമിട്ടു. ഒക്ടോബർ 3 ശനിയാഴ്ചയാണ് അദ്ദേഹം ഈ പുതിയ സംരംഭം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളെയും ജനകീയ പ്രശ്നങ്ങളെയും ഒരൊറ്റ ഡിജിറ്റൽ ഭൂപടത്തിൽ കൃത്യമായി രേഖപ്പെടുത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
യുവതലമുറ, വിദ്യാർത്ഥികൾ, കർഷകർ, ആദിവാസികൾ, ദളിതർ, സ്ത്രീകൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തങ്ങളുടേതായ രീതിയിൽ അവകാശങ്ങൾക്കായി പോരാടുന്നുണ്ടെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ രാഹുൽ ഗാന്ധി പറഞ്ഞു. "രാജ്യത്തുടനീളം ജനങ്ങൾ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്നുണ്ടെങ്കിലും പലരും ഒറ്റയ്ക്കാണ് പൊരുതുന്നത്. ഒറ്റയ്ക്ക് ഉയരുന്ന ശബ്ദങ്ങൾ പലപ്പോഴും അടിച്ചമർത്തപ്പെടാറുണ്ട്," അദ്ദേഹം വ്യക്തമാക്കി. സത്യമാണ് ഏറ്റവും വലിയ ആയുധമെന്നും സത്യത്തിനൊപ്പം ഒരുമിച്ച് നിൽക്കുകയാണ് അതിലും വലിയ പോരാട്ടമെന്നും മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ തത്ത്വചിന്തയെ മുൻനിർത്തി അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടു മിനിറ്റിനുള്ളിൽ ജനങ്ങൾക്ക് തങ്ങളുടെ പ്രശ്നങ്ങളും അനുഭവങ്ങളും വെബ്‌സൈറ്റിലൂടെ സമർപ്പിക്കാൻ സാധിക്കും. ഇത്തരത്തിൽ സമർപ്പിക്കുന്ന വിവരങ്ങൾ രാജ്യവ്യാപകമായ മാപ്പിൽ പ്രദർശിപ്പിക്കുന്നതോടെ, സമാനമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന മറ്റുള്ളവരെ കണ്ടെത്താനും അവരുമായി ബന്ധപ്പെടാനും സാധിക്കും. ഈ പരാതികൾ പഠിച്ച് പാർലമെന്റിലും തെരുവുകളിലും അധികാരികൾക്ക് കത്തുകള അയച്ചും ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകി. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുമായി നടത്തുന്ന 'ഛാത്രോം കി ഗൂഞ്ച്' എന്ന സംവാദ പരമ്പര, മധ്യപ്രദേശിലെ ബലാഘട്ടിൽ ആദിവാസി കുടുംബങ്ങളെ സന്ദർശിച്ചത്, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സമരങ്ങൾക്ക് പിന്തുണ നൽകിയത് തുടങ്ങി രാഹുൽ ഗാന്ധി ജനകീയ വിഷയങ്ങളിൽ അടുത്തിടെ നടത്തിയ ഇടപെടലുകളുടെ തുടർച്ചയായാണ് ഈ നീക്കം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്കെതിരെയും വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിൽ, രാജ്യത്തെ വ്യത്യസ്ത സമരങ്ങളെ കോർത്തിണക്കാനും ജനകീയ ശബ്ദങ്ങൾക്ക് പാർലമെന്റിൽ കൂടുതൽ കരുത്ത് നൽകാനും ഈ സംരംഭം വഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.