തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് സിപിഎം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസുകാരന് നേരെ വധഭീഷണി മുഴക്കി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എം.എല്‍.എയുമായ വി.ജോയി. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഗോകുലിനെതിരെ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ വി. ജയചന്ദ്രന്റെ മുന്നില്‍ വെച്ചായിരുന്നു എം.എല്‍.എയുടെ പരസ്യ ഭീഷണി.
കന്റോണ്‍മെന്റ് എ.സിയെ സാക്ഷിനിര്‍ത്തി, 'അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കില്‍ ഞാന്‍ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങള്‍ നോക്കിക്കോ' എന്നായിരുന്നു വി.ജോയിയുടെ പരാമര്‍ശം. ആനാവൂര്‍ നാഗപ്പന്‍, കടകംപള്ളി സുരീന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. എം.എല്‍.എയുടെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച രാത്രി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ പ്രവേശിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചത് കന്റോണ്‍മെന്റ് സ്റ്റേഷനിലെ സി.ഐ സതീഷ് കുമാറും എസ്.ഐ ഗോകുലുമാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎമ്മും എസ്.എഫ്.ഐയും സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് ജില്ലാ സെക്രട്ടറിയുടെ കടുത്ത വെല്ലുവിളി. ഇതിനിടെ, ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് കന്റോണ്‍മെന്റ് ഇന്‍സ്‌പെക്ടര്‍ സതീഷിന്റെ കാട്ടാക്കടയിലെ വീടിന് പൊലീസ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
'പൊറുതിമുട്ടിയാല്‍ കൊലപാതകം നടക്കും!' എസ്.ഐക്കെതിരെ വധഭീഷണിയുമായി വി.ജോയി എം.എല്‍.എ