'പിണറായി സര്‍ക്കാര്‍ വരുത്തിവെച്ച കോടികളുടെ കുടിശ്ശിക യുഡിഎഫ് തീര്‍ക്കും'; കേരളത്തെ 25 വര്‍ഷം മുന്നിലേക്ക് നയിക്കുന്ന ബജറ്റെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്
സംസ്ഥാനത്ത് ഒരൊറ്റ രൂപയുടെ പോലും നികുതി വർദ്ധിപ്പിക്കാതെ കേരളത്തിൽ വികസനത്തിന്റെ പുതുയുഗം സൃഷ്ടിക്കാനുള്ള ബജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സാധാരണക്കാരെയും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെയും പൂർണ്ണമായി ചേർത്തുനിർത്തുന്നതാണ് ഈ ബജറ്റ് കാഴ്ചപ്പാട്. ഉന്നതവിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള വിപ്ലവകരമായ വിദ്യാഭ്യാസ സമ്പ്രദായം കേരളത്തിലെ തലമുറകൾക്ക് നൽകാൻ സർക്കാരിന് സാധിക്കും. ബജറ്റിൽ പ്രഖ്യാപിച്ച 'മിഷൻ സമുദ്ര', 'ഏവിയേഷൻ ഹബ്ബ്' തുടങ്ങിയ ബൃഹത് പദ്ധതികൾ സംസ്ഥാനത്തെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് വലിയ ഉണർവ് സമ്മാനിക്കും. ഇതിനൊപ്പം പ്രഖ്യാപിച്ച 'സതേൺ കേരളാ ഇക്കണോമിക് കോറിഡോർ' തെക്കൻ കേരളത്തിന്റെ സാമ്പത്തിക വികസനത്തിൽ വലിയ മുന്നേറ്റം കുറിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാനും കൂടുതൽ വ്യവസായങ്ങൾ ആകർഷിക്കാനുമായി പ്രഖ്യാപിച്ച 'ലാൻഡ് മാനേജ്മെൻറ് പോളിസി'യിലൂടെ അന്താരാഷ്ട്ര നിക്ഷേപകർക്ക് കേരളത്തിൽ വലിയ അവസരമൊരുങ്ങും. കാലഹരണപ്പെട്ട പഴയ ഭൂനിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തും. ആഗോള വിപണിയിൽ കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങൾക്ക് മികച്ച പിന്തുണ ഉറപ്പാക്കാൻ 'കേരള ബ്രാൻഡ്' പദ്ധതി സഹായിക്കും. ഇതിനുപുറമേ വിനോദസഞ്ചാര മേഖലയ്ക്കും ചലച്ചിത്ര രംഗത്തിനും വലിയ ഊർജ്ജം പകർന്നുകൊണ്ട് ടൂറിസത്തെയും സിനിമയെയും ഔദ്യോഗികമായി വ്യവസായങ്ങളായി അംഗീകരിക്കും. ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന എല്ലാ സ്വപ്ന പദ്ധതികളും സമയബന്ധിതമായി പ്രാവർത്തികമാക്കുന്നതിന് ഓരോ വകുപ്പുകളിലും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
ഭരണപരിഷ്കാരങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾക്കും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ശക്തമായ മറുപടി നൽകി. തങ്ങൾ അധികാരത്തിൽ വന്നത് കേരളത്തെ 25 വർഷം മുന്നിലേക്ക് നയിക്കാനാണ്, അല്ലാതെ കഴിഞ്ഞ സർക്കാരിനെപ്പോലെ 25 കൊല്ലം പിന്നിലേക്ക് കൊണ്ടുപോകാനല്ലെന്ന് വി.ഡി. സതീശൻ തുറന്നടിച്ചു. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് കോടികളുടെ ശമ്പള-പെൻഷൻ കുടിശ്ശിക വരുത്തിവെച്ചത് കഴിഞ്ഞ പിണറായി സർക്കാരാണ്. ആ കുടിശ്ശികകളെല്ലാം തങ്ങളുടെ യുഡിഎഫ് സർക്കാർ കൃത്യമായി കൊടുത്തു തീർക്കുമെന്നാണ് ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് കഴിഞ്ഞ സർക്കാർ നികുതി നിശ്ചയിക്കാതിരുന്നതിലെ അപാകത മൂലമാണ് പുതിയ ബജറ്റിൽ അതിന് കൃത്യമായ നികുതി ഘടന കൊണ്ടുവന്നത്. തകർന്നുകിടക്കുന്ന സംസ്ഥാന സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാതെ കേരളത്തിന് പുതിയ വരുമാനം ഉണ്ടാക്കുവാൻ കഴിയില്ല. അതിനുള്ള കൃത്യമായ പദ്ധതികളാണ് ബജറ്റിലുള്ളത്. ഇതിന്റെ ഭാഗമായി മുൻ സർക്കാർ അഴിമതിക്ക് ഉപയോഗിച്ച കിഫ്ബിയെ പൂർണ്ണമായും പുനഃസംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.