ന്യൂഡൽഹി: ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി. ബിഹാറിലെ ബി.ജെ.പി കോട്ടയായ ബാങ്കിപുരിൽ ജൻസുരാജ് പാർട്ടി സ്ഥാനാർത്ഥിയും പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ മിന്നുന്ന വിജയം നേടി. പ്രശാന്ത് കിഷോറിന്റെ സജീവ രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റമാണിത്.
മധ്യപ്രദേശിലെ ദതിയ മണ്ഡലത്തില്‍ കോൺഗ്രസ് വിജയഗാഥയെഴുതി. ഘനശ്യാം സിംഗ് ബിജെപി സ്ഥാനാർഥി അശുതോഷ് തിവാരിയെ 6,016 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭാരതിയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ദാതിയ നിയമസഭ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ ആഭ്യന്തരമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ നരോത്തം മിശ്രയുടെ മണ്ഡലമാണ് ദാതിയ. 2008 മുതൽ 2018 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചെങ്കിലും 2023ലെ തെരഞ്ഞെടുപ്പിൽ നരോത്തം പരാജയപ്പെട്ടു. ഇത്തവണ പുതിയ സ്ഥാനാർഥിയെ നിശ്ചയിച്ചത് നരോത്തം അനുയായികളെ ചൊടിപ്പിച്ചിരുന്നു. രണ്ട് തവണ എംഎൽഎ ആയിരുന്ന ഘനശ്യാം സിങ്ങിനെ വീണ്ടും നിയമസഭയിലേക്ക് അയച്ചിരിക്കുകയാണ് വോട്ടർമാർ.
ബങ്കിപൂരിൽ ബിജെപിക്ക് കനത്ത പ്രഹരം
1995 മുതൽ ബി.ജെ.പി മാത്രം ജയിച്ചുവരുന്ന, പാർട്ടിയുടെ ഏറ്റവും ഉറച്ച കോട്ടയായ ബങ്കിപുരിൽ ബി.ജെ.പി സ്ഥാനാർത്ഥി നീരജ് കുമാറിനെ 19,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രശാന്ത് കിഷോർ പരാജയപ്പെടുത്തിയത്.
സിറ്റിങ് എം.എൽ.എയായിരുന്ന നിതിൻ നബിൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ബി.ജെ.പി ദേശീയ അധ്യക്ഷനായി ചുമതലയേൽക്കുകയും ചെയ്തതോടെയാണ് ബങ്കിപൂരിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബി.ജെ.പി ആദ്യം പ്രഖ്യാപിച്ച സ്ഥാനാർത്ഥി അഭിഷേക് കുമാർ സിൻഹ പത്രിക സമർപ്പിച്ച ശേഷം അപ്രതീക്ഷിതമായി പിന്മാറിയത് ബി.ജെ.പി ക്യാമ്പിൽ ആശങ്കയുണ്ടാക്കിയിരുന്നു. തുടർന്ന് യുവജന വിഭാഗം നേതാവായ നീരജ് സിൻഹയെയാണ് ബി.ജെ.പി രംഗത്തിറക്കിയത്.
ബങ്കിപൂരില്‍ ബിജെപി 30 വര്‍ഷമായി വിജയിച്ചിരുന്ന സീറ്റാണ് നഷ്ടമായത്. ബി.ജെ.പിയുടെ കുത്തക മണ്ഡലത്തിൽ ഭരണമാറ്റത്തിനായുള്ള ജനങ്ങളുടെ ശക്തമായ ആഗ്രഹമാണ് പ്രശാന്ത് കിഷോറിന് തുണയായത്. ബങ്കിപൂരിനെ തങ്ങളുടെ ഉരുക്കുകോട്ട എന്ന് വിശേഷിപ്പിക്കുന്ന ബി.ജെ.പിയുടെ അഹങ്കാരത്തിനെതിരെ ശക്തമായി പ്രതികരിച്ച പ്രശാന്ത് കിഷോർ, ഈ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കെതിരെയുള്ള വിലയിരുത്തലാക്കി മാറ്റുകയും ചെയ്തു. "കോട്ടകൾ നിർമ്മിക്കുന്നത് രാഷ്ട്രീയ പാർട്ടികളല്ല, ജനങ്ങളാണ്" എന്ന അദ്ദേഹത്തിന്റെ പ്രസ്താവന ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തി.
ജാതിയും മതവും പോലുള്ള പരമ്പരാഗത രാഷ്ട്രീയ വിഷയങ്ങൾക്കപ്പുറം വിദ്യാഭ്യാസം, തൊഴിൽ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ ജനകീയ വിഷയങ്ങളിലാണ് പ്രശാന്ത് കിഷോർ പ്രചാരണത്തിലുടനീളം ഊന്നിയത്. മണ്ഡലത്തിലെ വികസന റോഡ്മാപ്പ് അവതരിപ്പിക്കുന്നതിന് പകരം വൈകാരികമായ ബന്ധങ്ങൾ മാത്രം ഉയർത്തിക്കാട്ടാനേ ബി.ജെ.പി ക്യാമ്പുകൾക്ക് കഴിഞ്ഞുള്ളൂ.2025-ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 238 സീറ്റുകളിലും വിജയിക്കാൻ കഴിയാതിരുന്ന ജൻസുരാജ് പാർട്ടിക്ക്, പാർട്ടി തലവൻ തന്നെ നേരിട്ട് മത്സരരംഗത്തിറങ്ങി നേടിയ ഈ വിജയം വലിയ രാഷ്ട്രീയ പ്രാധാന്യമാണ് നൽകുന്നത്. അതേസമയം, മധ്യപ്രദേശിലെ ദാതിയ മണ്ഡലത്തിൽ ബി.ജെ.പിയുടെ അശുതോഷ് തിവാരിയെ പരാജയപ്പെടുത്തിയാണ് കോൺഗ്രസിന്റെ ഘനശ്യാം സിംഗ് സീറ്റ് നിലനിർത്തിയത്.