'ക്യാപ് നമ്പര്‍ 278, സൈനിംഗ് ഓഫ്': അജിങ്ക്യ രഹാനെ വിരമിച്ചു
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ വിശ്വസ്തനായ മധ്യനിര ബാറ്ററും മുന്‍ നായകനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വൈകാരികമായ വീഡിയോയിലൂടെയാണ് താരം വിരമിക്കല്‍ തീരുമാനം പുറത്തുവിട്ടത്. 'എല്ലാത്തിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്. ആ സമയം എത്തുമ്പോള്‍ അതിനെ മാനിച്ച് മുന്നോട്ട് പോകണം. ശരിയായ സമയത്താണ് ഈ തീരുമാനമെടുക്കുന്നത്. 'ക്യാപ് നമ്പര്‍ 278' വിടപറയുന്നു,' വിരമിക്കല്‍ സന്ദേശത്തില്‍ രഹാനെ വ്യക്തമാക്കി.
ഇന്ത്യക്കായി 85 ടെസ്റ്റുകളിലും 90 ഏകദിനങ്ങളിലും 20 ട്വന്റി20 മത്സരങ്ങളിലും കളിച്ച രഹാനെ, അന്താരാഷ്ട്ര തലത്തില്‍ 8,000-ത്തിലധികം റണ്‍സ് നേടിയിട്ടുണ്ട്. 2020-21-ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യയെ ചരിത്രപരമായ 2-1 വിജത്തിലേക്ക് നയിച്ചതാണ് നായകനെന്ന നിലയില്‍ രഹാനെയുടെ കരിയറിലെ പൊന്‍തൂവല്‍. 2023 വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് രഹാനെ അവസാനമായി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായും മുംബൈ രഞ്ജി ടീമിന്റെ സ്ഥിരസാന്നിധ്യമായും കളിക്കളത്തിലുണ്ടായിരുന്ന രഹാനെയുടെ വിരമിക്കല്‍ ഒരു യുഗത്തിന്റെ അന്ത്യമാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അജിങ്ക്യ നായിക് പ്രതികരിച്ചു. ശാന്തമായ പെരുമാറ്റം കൊണ്ടും പ്രതിസന്ധി ഘട്ടങ്ങളിലെ മികച്ച ബാറ്റിങ് കൊണ്ടും ഇന്ത്യന്‍ ക്രിക്കറ്റിന് രഹാനെ നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.