"ഒപ്പുവെച്ചിട്ട് ഉളുപ്പില്ലാതെ സംസാരിക്കുന്നു": പി എം ശ്രീ വിഷയത്തിൽ ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ. എം. ഷാജി
പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി. വിഷയം വിലയിരുത്താൻ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ അന്തിമ തീരുമാനം വന്നതിനു ശേഷം മാത്രം കൂടുതൽ കാര്യങ്ങൾ സംസാരിക്കുന്നതിലാണ് അർത്ഥമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. പി എം ശ്രീ വിഷയത്തിൽ രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസിന് മന്ത്രി കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ കരാർ ഒപ്പുവെച്ചതിന് പിന്നിലെ പ്രധാന ഇടനിലക്കാരനും പാലവും ജോൺ ബ്രിട്ടാസ് ആയിരുന്നുവെന്ന് മന്ത്രി ആരോപിച്ചു. കരാറിൽ ഒപ്പുവെച്ച ശേഷം ഉളുപ്പില്ലാതെ സംസാരിക്കുന്ന ആളോട് രാഷ്ട്രീയം പറയാൻ താല്പര്യമില്ലെന്നും, തന്റെ നിലപാടിനെ ചോദ്യം ചെയ്യാൻ ബ്രിട്ടാസ് ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി അപകടകാരികളായ നായ്ക്കളെ കൊല്ലുക എന്നതാണ് സർക്കാരിന്റെ നിലവിലെ തീരുമാനമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി കൃത്യമായ പ്രോട്ടോക്കോൾ നിലവിലുണ്ട്. കൂടാതെ, തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി എ.ബി.സി (ABC) സെന്ററുകളുടെ എണ്ണം വർദ്ധിപ്പിക്കും. വളർത്തുമൃഗങ്ങളുടെ കുഞ്ഞുങ്ങളെ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നവർക്കെതിരെ കടുത്ത പിഴയും ശിക്ഷാനടപടികളും സ്വീകരിക്കും.
നായ്ക്കളെ സംരക്ഷിക്കുന്നതിനായി ഒരേക്കർ വിസ്തൃതിയിൽ ആയിരത്തോളം നായ്ക്കളെ പാർപ്പിക്കാൻ കഴിയുന്ന വലിയ ഷെൽട്ടർ ഹോമുകൾ നിർമ്മിക്കാനാണ് പദ്ധതി. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്താൻ നിർദേശം നൽകിയിട്ടുണ്ട്. വരുന്ന ഓഗസ്റ്റ് ഏഴിന് ഈ വിഷയം ഹൈക്കോടതി പരിഗണിക്കുന്നതിന് മുൻപ് തന്നെ സർക്കാരിന്റെ ഭാഗത്തുനിന്ന് അന്തിമ തീരുമാനമുണ്ടാകുമെന്നും മന്ത്രി കെ. എം. ഷാജി വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.