Logo
Thu, Jul 16, 2026 • 08:12 AM
LIVE TV
Watch

No business videos available

No Middle East videos available

നടിയെ ആക്രമിച്ച കേസ്: ഏഴരവര്‍ഷത്തിന് ശേഷം പൾസർ സുനി പുറത്തേക്ക്, ജാമ്യം കർശന ഉപാധികളോടെ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 20, 2024
1 min read Updated: July 15, 2026
SHARE:
SAVE: Login to save

നടിയെ ആക്രമിച്ച കേസ്: ഏഴരവര്‍ഷത്തിന് ശേഷം പൾസർ സുനി പുറത്തേക്ക്, ജാമ്യം കർശന ഉപാധികളോടെ
  എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിമ്മില്‍ കൂടുതല്‍ ഉപയോഗിക്കരുത്, സിം വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പള്‍സര്‍ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, സുനിക്ക് അമ്മയെ കാണാനും കോടതി അനുമതി നല്‍കി. പള്‍സര്‍ സുനിയുടെ ജീവന് ഭീഷണിയുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സുനിയുടെ സുരക്ഷ എറണാകുളം റൂറല്‍ പോലീസ് ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസില്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. വിചാരണ കോടതി നടപടികളെ സുപ്രീം കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ഏഴര വര്‍ഷമായി പള്‍സര്‍ സുനി ജയിലില്‍ കഴിയുകയാണെന്നും കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാന്‍ സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ നിലവില്‍ പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കല്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം നടക്കേണ്ടതുണ്ട്. ഇതുകൂടി കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അന്തിമവാദം കേള്‍ക്കാന്‍ ഇരിക്കെയാണ് പള്‍സര്‍ സുനി ജയില്‍ മോചിതനാകുന്നത്. ഇതിന് പുറമേ തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. 2017 ഫെബ്രുവരി 17നാണു നടി ആക്രമിക്കപ്പെട്ടത്. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന നടിയുടെ കാറിൽ മറ്റൊരു വാഹനം ഇടിപ്പിച്ച് നിർത്തുകയും പൾസർ സുനിയും സംഘവും കാറിനുള്ളിൽ കയറി നടിയെ ‌ആക്രമിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. നടി സഞ്ചരിച്ചിരുന്ന കാറിന്‍റെ ഡ്രൈവർ മാർട്ടിൻ ആന്‍റണിയെ അന്നുതന്നെ അറസ്റ്റ് ചെയ്തു. പൾസർ സുനിയും സുഹൃത്തായ വിജീഷും സംഭവത്തിനുശേഷം ഒളിവിൽ പോയി. ഒരാഴ്ചയ്ക്കു ശേഷം പോലീസിനെ വെട്ടിച്ച് എറണാകുളം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തിയപ്പോൾ പോലീസ് ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് മാർച്ച് 10ന് സുനിയെയും വിജീഷിനെയും റിമാൻഡ് ചെയ്തു. ഇടയ്ക്ക് പിതാവിന്‍റെ മരണാനന്തര ചടങ്ങുകൾക്കായി ഏതാനും മണിക്കൂറുകൾ ഇളവ് അനുവദിച്ചത് ഒഴിച്ചാൽ അന്നു മുതൽ പൾസർ സുനി ജയിലിലാണ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10