ഫണ്ട് തട്ടിപ്പില്‍ പുകഞ്ഞ് ബിജെപി; 140 മണ്ഡലങ്ങളിലും അന്വേഷണം; കേന്ദ്രത്തിനും ആര്‍എസ്എസിനും അതൃപ്തി
തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് വിവാദം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. കേന്ദ്ര നേതൃത്വം സൗജന്യമായി നല്‍കിയ കൊടിതോരണങ്ങള്‍ മറിച്ചുവിറ്റെന്നും, സ്വകാര്യ കമ്പനികളില്‍ നിന്ന് വ്യാജ ബില്ലുണ്ടാക്കി കമ്മീഷന്‍ അടിച്ചെന്നുമാണ് പ്രധാന ആരോപണം. വിവാദം കനത്തതോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചു.
അതിനിടെ, കൊടിതോരണങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിച്ച വകയില്‍ ബിജെപി നേതാവിന് 31 ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയതായി വ്യക്തമാക്കുന്ന കമ്പനി പ്രതിനിധിയുടെ പുതിയ ശബ്ദരേഖ പുറത്തുവന്നത് പാര്‍ട്ടിക്ക് വലിയ നാണക്കേടായി. ബാക്കി തുകയായ 4.65 ലക്ഷം രൂപ ആവശ്യപ്പെട്ട് വിളിക്കുമ്പോള്‍ നേതാക്കള്‍ ഫോണ്‍ എടുക്കുന്നില്ലെന്നാണ് ശബ്ദരേഖയിലെ ആക്ഷേപം. പ്രധാനമന്ത്രിയുടെ റോഡ് ഷോയുടെ ഫ്‌ലെക്‌സ് സ്ഥാപിച്ചതിലും കമ്മീഷന്‍ അടിച്ചതായി മറ്റൊരു ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.
പാര്‍ട്ടി നിയോഗിച്ച ട്രഷറര്‍ തന്നെയാണ് ആദ്യം ഈ തട്ടിപ്പ് കണ്ടെത്തി കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു സംസ്ഥാന സെക്രട്ടറിയെയും തിരുവനന്തപുരത്തെ രണ്ട് പ്രധാന നേതാക്കളെയും ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയെങ്കിലും നേതൃത്വം ഇത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വ്യാപകമായ അഴിമതി നടന്നിട്ടും വിവരങ്ങള്‍ മൂടിവെക്കാനാണ് ഔദ്യോഗിക വിഭാഗം ശ്രമിക്കുന്നതെന്ന് വി. മുരളീധരന്‍ പക്ഷം ആരോപിക്കുന്നു. വരാനിരിക്കുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ വിഷയം ശക്തമായി ഉന്നയിക്കാനാണ് ഇവരുടെ നീക്കം.
കേരളത്തില്‍ നേടിയ ചരിത്ര വിജയത്തിന്റെ ശോഭ കെടുത്തുന്നതാണ് പുതിയ ഫണ്ട് വിവാദമെന്ന വിലയിരുത്തലില്‍ കേന്ദ്ര നേതൃത്വവും ആര്‍എസ്എസും കടുത്ത അതൃപ്തിയിലാണ്. നിലവില്‍ വിദേശത്തുള്ള സംസ്ഥാന പ്രസിഡന്റ് ജൂലൈ 18-ന് തിരിച്ചെത്തിയ ശേഷം തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ വിശദീകരണം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.