തിരുവനന്തപുരം: സോണിയ ഗാന്ധിയുടെ ഏറെ ശ്രദ്ധേയമായ ഓര്‍മ്മക്കുറിപ്പ് 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' തിരുവനന്തപുരത്തെ മോഡേണ്‍ ബുക്ക് സെന്ററില്‍ നിന്ന് സ്വന്തമാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശന് അറിയിച്ചു.
ദീര്‍ഘകാലം കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും യു.പി.എ ഭരണത്തെയും അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടെയും ശാന്തമായ കരുത്തോടെയും നയിച്ച നേതാവാണ് സോണിയ ഗാന്ധിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താന്‍ ഒരു യുവ എം.എല്‍.എയും പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്ന കാലഘട്ടത്തില്‍ അവരുടെ പ്രതിബദ്ധതയുള്ള നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാനും നിരവധി കാര്യങ്ങള്‍ പഠിക്കാനും സാധിച്ചതായി മുഖ്യമന്ത്രി തന്റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ അനുസ്മരിച്ചു.
സഹാനുഭൂതിയും കരുണയുമാണ് യഥാര്‍ത്ഥ രാഷ്ട്രീയത്തിന്റെ അടിത്തറയെന്ന് സോണിയ ഗാന്ധിയുടെ ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ത്തവ്യബോധം, ശാന്തമായ ധൈര്യം, പൊതുജനങ്ങളോടുള്ള സ്നേഹം എന്നിവയിലാണ് യഥാര്‍ത്ഥ നേതൃത്വം അധിഷ്ഠിതമായിരിക്കുന്നത്. സുതാര്യതയോടും ആത്മാര്‍ത്ഥതയോടും കൂടി ജനസേവനത്തിനിറങ്ങുന്ന രാജ്യത്തെ യുവതലമുറയ്ക്ക് സോണിയ ഗാന്ധി എന്നും ഒരു മാതൃകയും പ്രചോദനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ഓര്‍മ്മക്കുറിപ്പിന്റെ കവര്‍ ചിത്രം 1966-ല്‍ ഇറ്റലിയിലെ ടൂറിനില്‍ വെച്ച് രാജീവ് ഗാന്ധി സ്വന്തം ക്യാമറയില്‍ പകര്‍ത്തിയതാണെന്ന വിവരം തനിക്ക് ഏറെ അത്ഭുതവും സന്തോഷവും നല്കിയ ഒന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്നേഹത്തിന്റെയും വേര്‍പാടിന്റെയും ആത്മബന്ധത്തിന്റെയും വ്യക്തിപരമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഈ പുസ്തകം വായിക്കാന്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി കുറിച്ചു.
'പ്രത്യാശയുടെയും ജനാധിപത്യത്തിന്റെയും വഴികാട്ടി'; സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പ് സ്വന്തമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ