Logo
Thu, Jun 18, 2026 • 01:35 PM
LIVE TV
Watch

No business videos available

No Middle East videos available

ചെറിയ പ്രായത്തിലേ അൽഷിമേഴ്‌സും ഡിമെൻഷ്യയും; ഒരു തലമുറയെ വാർദ്ധക്യത്തിലേക്ക് തള്ളിവിട്ട് പുകവലി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 18, 2026
1 min read
SHARE:
SAVE: Login to save

ചെറിയ പ്രായത്തിലേ അൽഷിമേഴ്‌സും ഡിമെൻഷ്യയും; ഒരു തലമുറയെ വാർദ്ധക്യത്തിലേക്ക് തള്ളിവിട്ട് പുകവലി


പുകവലി ശ്വാസകോശത്തെയും ഹൃദയാരോഗ്യത്തെയും മാത്രമല്ല, തലച്ചോറിനെയും മാരകമായി ബാധിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. പുകവലിക്കുന്നവരിൽ പ്രായമാകുന്നതിന് മുൻപ് തന്നെ തലച്ചോർ ചുരുങ്ങുന്നതായും ഇത് അകാല വാർദ്ധക്യത്തിലേക്ക് നയിക്കുമെന്നുമാണ് കണ്ടെത്തൽ. യുഎസിലെ വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിൻ നടത്തിയ പുതിയ പഠനത്തിലാണ് ഈ ഭയാനകമായ വിവരങ്ങളുള്ളത്.

സാധാരണയായി മനുഷ്യരിൽ പ്രായം കൂടുന്നതിന് അനുസരിച്ചാണ് തലച്ചോറിന്റെ വലിപ്പം കുറയുന്നത് (ചുരുങ്ങുന്നത്). എന്നാൽ പുകവലിക്കുന്നവരിൽ ഈ പ്രക്രിയയുടെ വേഗത വർധിക്കുന്നു. ഗ്ലോബൽ ഓപ്പൺ സയൻസിന്റെ 'ബയോളജിക്കൽ സൈക്യാട്രി' ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


അൽഷിമേഴ്‌സിനും ഡിമെൻഷ്യയ്ക്കും സാധ്യതയേറുന്നു

പുകവലി മൂലം തലച്ചോറിലുണ്ടാകുന്ന ഈ ചുരുങ്ങൽ, പ്രായമേറുമ്പോൾ സംഭവിക്കുന്ന അൽഷിമേഴ്‌സ് രോഗത്തിലേക്കും വിവേചന ശേഷി നഷ്ടമാകുന്നതിലേക്കും (Cognitive Decline) നയിക്കും. സാധാരണഗതിയിൽ പ്രായമായവരിൽ മാത്രം കാണുന്ന ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളും ഡിമെൻഷ്യയും പുകവലിക്കുന്നതുവഴി ചെറിയ പ്രായത്തിൽ തന്നെ ആളുകളെ ബാധിക്കാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. പുകവലിക്കാനുള്ള പ്രേരണ ജീനുകളിലൂടെ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും ഗവേഷണം വ്യക്തമാക്കുന്നുണ്ട്.

അടുത്തിടെ വരെ ശ്വാസകോശത്തിനും ഹൃദയത്തിനുമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചായിരുന്നു ലോകമെമ്പാടുമുള്ള ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ പുകവലി തലച്ചോറിൽ ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ കുറവായിരുന്നുവെന്ന് മാനസികാരോഗ്യ വിഭാഗം പ്രൊഫസറായ ലോറ ജെബിയറട്ട് ചൂണ്ടിക്കാണിക്കുന്നു.

32,094 പേരുടെ സാമ്പിളുകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഗവേഷകർ ഈ നിഗമനങ്ങളിൽ എത്തിയത്. ഒരിക്കലും പുകവലിക്കാത്തവരുടെയും, സമാന പ്രായമുള്ള പുകവലിക്കാരുടെയും തലച്ചോറിന്റെ വലിപ്പം തമ്മിൽ സാരമായ വ്യത്യാസമുണ്ടെന്ന് കണക്കുകൾ നിരത്തി പഠനം വ്യക്തമാക്കുന്നു. ഒരാൾ എത്രയധികം സിഗരറ്റുകൾ ഉപയോഗിക്കുന്നുവോ, അതിന് ആനുപാതികമായി തലച്ചോറിന്റെ വലിപ്പം കുറയുമെന്നാണ് കണ്ടെത്തൽ. "കേൾക്കുമ്പോൾ മോശമെന്ന് തോന്നുമെങ്കിലും വസ്തുത അതിനേക്കാൾ ഭയാനകമാണ്," ലോറ ജെബിയറട്ട് പറയുന്നു.

പുകവലി ഉപേക്ഷിക്കുന്നത് വഴി തലച്ചോറിന് ഇതിനകം സംഭവിച്ച കേടുപാടുകൾ തീർക്കാനോ പഴയ സ്ഥിതിയിലേക്ക് എത്തിക്കാനോ സാധിക്കില്ല. എന്നാൽ, തുടർന്നുണ്ടാകുന്ന വൻ നഷ്ടങ്ങൾ തടയാൻ പുകവലി നിർത്തുന്നത് സഹായിക്കുമെന്ന് പഠനത്തിൽ പങ്കാളിയായ ഗവേഷകൻ യൂൻഹോ ചാങ് വ്യക്തമാക്കുന്നു. ഒരു തലമുറയെ വളരെ പെട്ടെന്ന് വാർദ്ധക്യത്തിലേക്ക് തള്ളിവിടുന്ന പുകവലി ശീലം എത്രയും വേഗം ഉപേക്ഷിക്കുക മാത്രമാണ് പോംവഴിയെന്നാണ് ശാസ്ത്രലോകം നൽകുന്ന മുന്നറിയിപ്പ്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10