'ഞങ്ങളുടെ ഹൃദയങ്ങള്‍ വലുതാകുന്നു'; ദുവയ്ക്ക് രണ്ടാം പിറന്നാള്‍; ഹൃദയസ്പര്‍ശിയായ ചിത്രങ്ങളുമായി രണ്‍വീര്‍ സിംഗ്
ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും മകള്‍ ദുവയുടെ രണ്ടാം പിറന്നാള്‍ വേറിട്ട രീതിയില്‍ ആഘോഷിച്ചു. സെപ്റ്റംബര്‍ 8ന് ദുവയുടെ ജന്മദിനത്തോടനുബന്ധിച്ച് രണ്‍വീര്‍ സിംഗ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് മകളുടെ ജനനത്തിന് മുമ്പ് നടത്തിയ മെറ്റേണിറ്റി ഷൂട്ടിലെ ഇതുവരെ പുറത്തുവിടാത്ത മോണോക്രോം ചിത്രങ്ങളാണ്.
ചിത്രങ്ങളില്‍ ദീപികയെയും രണ്‍വീറിനെയും ദുവയോടൊപ്പം കളിച്ചും കുടുംബനിമിഷങ്ങള്‍ പങ്കിട്ടും കാണാം. മറ്റൊരു ചിത്രത്തില്‍ ദീപിക ബേബി ബംപ് പ്രദര്‍ശിപ്പിച്ച് നില്‍ക്കുമ്പോള്‍ രണ്‍വീര്‍ സ്‌നേഹപൂര്‍വം ദീപികയെ ചേര്‍ത്തുപിടിച്ചിരിക്കുന്നതും കാണാം. തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങിയ കാലത്തെ സന്തോഷവും പ്രതീക്ഷയും നിറഞ്ഞ നിമിഷങ്ങളാണ് ചിത്രങ്ങളിലുള്ളത്.
'ബേബി ദുവയും ഞങ്ങളുടെ ഹൃദയങ്ങളും വലുതാകുന്നു! നിങ്ങളുടെ അനുഗ്രഹങ്ങള്‍ക്ക് നന്ദി'- ചിത്രങ്ങള്‍ പങ്കുവെച്ച് രണ്‍വീര്‍ കുറിച്ചു. പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയതിന് പിന്നാലെ സിനിമാ മേഖലയിലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആശംസകളുമായി എത്തി. രണ്‍വീറിന്റെ ധുരന്ധര്‍ സഹതാരം ഡാനിഷ് പാണ്ഡോര്‍ 'മാഷാ അല്ലാഹ്, മനോഹരം' എന്ന് കമന്റ് ചെയ്തു. സാറ അര്‍ജുനും 'ഏറ്റവും സ്‌നേഹസുന്ദരമായ കുടുംബം' എന്ന കമന്റുമായി എത്തി.
2024 സെപ്റ്റംബര്‍ 8നാണ് ദീപികയ്ക്കും രണ്‍വീറിനും മകള്‍ ദുവ ജനിച്ചത്. മകളെ പൊതുവേദികളില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ നിന്നും പരമാവധി അകറ്റിനിര്‍ത്തുന്ന നിലപാടാണ് താരദമ്പതികള്‍ സ്വീകരിച്ചിട്ടുള്ളത്. 2013ല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഗൊലിയോന്‍ കി റാസ്ലീല രാം-ലീലയുടെ സെറ്റിലാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് ബാജിറാവോ മസ്താനി, പദ്മാവത് തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചെത്തി. സിനിമയിലെ മികച്ച കെമിസ്ട്രി പിന്നീട് യഥാര്‍ഥ ജീവിതത്തിലെ പ്രണയമായി മാറുകയായിരുന്നു. വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്ന ഇരുവരും 2015ല്‍ രഹസ്യമായി വിവാഹനിശ്ചയം നടത്തി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, 2018 നവംബര്‍ 14ന് ഇറ്റലിയിലെ ലേക്ക് കോമോയില്‍ ഇരുവരും വിവാഹിതരായി. ദീപികയുടെ കൊങ്കണി പാരമ്പര്യവും രണ്‍വീറിന്റെ സിന്ധി പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന ചടങ്ങുകളോടെയായിരുന്നു വിവാഹം. 2024ല്‍ ദുവയുടെ ജനനത്തോടെ ഇരുവരും ആദ്യമായി മാതാപിതാക്കളായി. ഈ വര്‍ഷം ഏപ്രില്‍ 19ന് തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തയും താരദമ്പതികള്‍ പുറത്തുവിട്ടിരുന്നു.
അഭിനയരംഗത്തും ഇരുവര്‍ക്കും നിരവധി പ്രോജക്ടുകളാണ് മുന്നിലുള്ളത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗ് എന്ന ആക്ഷന്‍ ചിത്രത്തിലൂടെ ദീപിക വീണ്ടും വെള്ളിത്തിരയിലെത്തും. ഷാരൂഖ് ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ സുഹാന ഖാന്‍, രാഘവ് ജുയാല്‍, അര്‍ഷദ് വാര്‍സി, അഭിഷേക് ബച്ചന്‍, ജാക്കി ഷ്രോഫ്, അഭയ് വര്‍മ്മ, ജയ്ദീപ് അഹ്ലാവത്, റാണി മുഖര്‍ജി, അനില്‍ കപൂര്‍ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. അറ്റ്ലീ സംവിധാനം ചെയ്യുന്ന രാക്കയാണ് ദീപികയുടെ മറ്റൊരു ശ്രദ്ധേയ ചിത്രം. അല്ലു അര്‍ജുനൊപ്പം ദീപിക ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.
അതേസമയം, പ്രളയ് എന്ന ചിത്രത്തിലാണ് രണ്‍വീര്‍ സിംഗ് ഇനി അഭിനയിക്കുന്നത്. മാരകമായ ഒരു മഹാമാരിയില്‍ തകര്‍ന്ന ഡിസ്റ്റോപ്യന്‍, സമീപഭാവിയിലെ മുംബൈ പശ്ചാത്തലമാക്കി ഒരുക്കുന്ന പോസ്റ്റ്-അപോകലിപ്റ്റിക് സോംബി സര്‍വൈവല്‍ ത്രില്ലറാണ് ചിത്രം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.