എം.കെ. സ്റ്റാലിനെ 'സഹോദരൻ' എന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി രംഗത്ത്. തമിഴ് വിരുദ്ധ ശക്തികൾക്കെതിരെ അദ്ദേഹം എപ്പോഴും പാറപോലെ ഉറച്ചുനിന്നിട്ടുണ്ടെന്നും താനും ചെന്നൈയിലേക്ക് പോകുന്നുവെന്നും രാഹുൽ എക്‌സിൽ കുറിച്ചു.
മണ്ഡല പുനർനിർണ്ണയ ഭരണഘടനാ ഭേദഗതി ബില്ലുകളെ എതിർക്കാൻ എം.കെ. സ്റ്റാലിനെയും ഡിഎംകെയെയും അഭ്യർത്ഥിക്കുന്നതിനായി ഇന്ത്യാ സഖ്യത്തിലെ മുതിർന്ന നേതാക്കളും താനും ചെന്നൈയിലേക്ക് പോവുകയാണെന്ന് രാഹുൽ വ്യക്തമാക്കി.
സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നത് ഇന്ത്യയിലെ ജനാധിപത്യം അവസാനിപ്പിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് ബിജെപി-ആർഎസ്എസിന് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഭൂപടം പൂർണ്ണമായും തങ്ങൾക്ക് അനുകൂലമായി മാറ്റിവരയ്ക്കാൻ പരിധിയില്ലാത്ത ഇടം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തമിഴ് വിരുദ്ധ ശക്തികൾക്കെതിരെ സഹോദരൻ സ്റ്റാലിൻ എപ്പോഴും പാറപോലെ ഉറച്ചുനിന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ, രാജ്യത്തിന്റെ താൽപ്പര്യത്തിനും തമിഴ്‌നാടിന്റെ താൽപ്പര്യത്തിനും ഭരണഘടനയെ സംരക്ഷിക്കുന്നതിനുമായി ഈ ബിൽ ഒരുമിച്ച് പരാജയപ്പെടുത്തേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.