ഹൈദരാബാദ്: രാഹുല്‍ ഗാന്ധി ഹൈദരാബാദില്‍. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക്ക, തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടി.പി.സി.സി) പ്രസിഡന്റ് ബി. മഹേഷ് കുമാര്‍ ഗൗഡ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തെലങ്കാന കോണ്‍ഗ്രസ് ഔദ്യോഗികമായി അദ്ദേഹത്തിന്റെ സന്ദര്‍ശന വിവരം പങ്കുവെച്ചിട്ടുണ്ട്.
ഹൈദരാബാദ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിന് സമീപമുള്ള ജയഭേരി ഗ്രൗണ്ടില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി ഗിഗ് തൊഴിലാളികളുമായി സംവദിക്കുന്നത്. സംസ്ഥാനത്ത് ഏകദേശം ആറ് ലക്ഷത്തോളം ഗിഗ് തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് തെലങ്കാന ലേബര്‍ മന്ത്രി ജി. വിവേക് വൈങ്കടസ്വാമി അറിയിച്ചിട്ടുള്ളത്. തൊഴിലാളികള്‍ക്കായുള്ള പുതിയ ക്ഷേമ പദ്ധതികള്‍ ചടങ്ങില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ശില്പകലാ വേദിക മുതല്‍ എച്ച്.ഐ.സി.സി വരെ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.
ഹൈദരാബാദില്‍ നവംബര്‍ 13, 14 തീയതികളില്‍ നടക്കുന്ന 'ഭാരത് സമ്മിറ്റ് 2026'-ന്റെ സമാപന സമ്മേളനത്തിലും രാഹുല്‍ ഗാന്ധി മുഖ്യാതിഥിയായി പങ്കെടുക്കും. ലോകമെമ്പാടുമുള്ള 70 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 1,000-ത്തോളം പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. രാഷ്ട്രീയ പ്രതിനിധികള്‍, നയരൂപകര്‍ത്താക്കള്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ജനാധിപത്യം, സാമൂഹിക-സാമ്പത്തിക നീതി, കാലാവസ്ഥാ വ്യതിയാനം, ലിംഗസമത്വം, എഐ, അന്താരാഷ്ട്ര ബന്ധങ്ങള്‍ തുടങ്ങിയ സുപ്രധാന ആഗോള വിഷയങ്ങളാണ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്നത്. തെലങ്കാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് ഈ അന്താരാഷ്ട്ര ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.
രാഹുല്‍ ഗാന്ധി ഹൈദരാബാദില്‍; ഭാരത് സമ്മിറ്റിലും ഗിഗ് തൊഴിലാളികളുടെ സംവാദത്തിലും പങ്കെടുക്കും
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹൈദരാബാദിൽ. ഭാരത് സമ്മിറ്റ് സമാപന സമ്മേളനത്തിലും ഗിഗ് തൊഴിലാളികളുമായുള്ള സംവാദത്തിലും പങ്കെടുക്കും.