സോഷ്യൽ മീഡിയയിൽ വൻ പ്രണയം, പുറകിൽ കൊടുംചതി! 17 കോടിയുടെ കല്യാണം ഉറപ്പിച്ച വരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് യുവതി!
പൂക്കൾ, സർപ്രൈസുകൾ, നൃത്തം... സോഷ്യൽ മീഡിയയിൽ മറ്റുള്ളവരെ അസൂയപ്പെടുത്തുന്ന തരത്തിലുള്ള ഒരു പെർഫെക്ട് പ്രണയകഥയായിരുന്നു അവരുടേത്. എന്നാൽ ആ പ്രണയനാടകത്തിന് ഒടുവിൽ പ്രതിശ്രുത വരനെ കൊക്കയിലേക്ക് യുവതി തള്ളിയിട്ട് കൊലപ്പെടുത്തി. പൂനെയിലെ പ്രമുഖ വ്യവസായി വിശാൽ അഗർവാളിന്റെ മകനും റിയൽ എസ്റ്റേറ്റ് വ്യാപാരിയുമായ കേതൻ വിശാൽ അഗർവാളാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കേസിൽ പ്രതിശ്രുത വധു സിയയും കാമുകൻ ചേതൻ ചൗധരിയും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേതന്റെയും സിയയുടെയും വിവാഹനിശ്ചയം നടന്നത്. വരാനിരിക്കുന്ന നവംബറിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ 17 കോടി രൂപ ചെലവിട്ട് ബുക്ക് ചെയ്ത കൊട്ടാരത്തിലായിരുന്നു ഇവരുടെ ആഢംബര വിവാഹം നിശ്ചയിച്ചിരുന്നത്. അതിഥികളെ എത്തിക്കാൻ സ്വകാര്യ ജെറ്റുകൾ വരെ കുടുംബം തയ്യാറാക്കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ജൂൺ 18-ന് കേതൻ കൊക്കയിൽ വീണു മരിക്കുന്നത്. ആദ്യം അബദ്ധത്തിൽ സംഭവിച്ച മരണമെന്നാണ് കരുതിയതെങ്കിലും പോലീസിന്റെ വിശദമായ അന്വേഷണത്തിൽ ഇത് ആസൂത്രിത കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
വിവാഹനിശ്ചയം കഴിഞ്ഞ ഒരു മാസത്തിന് ശേഷം സിയ ഇൻസ്റ്റഗ്രാമിൽ കേതനെ ടാഗ് ചെയ്തുകൊണ്ട്, "എന്റെ ഹൃദയം ഒരു വാസസ്ഥലം കണ്ടെത്തിയിട്ട് ഒരു മാസം" എന്ന അടിക്കുറിപ്പോടെ കേക്കിന്റെ ചിത്രം പങ്കുവെച്ചിരുന്നു. മേയ് മാസത്തിൽ കേതൻ തനിക്ക് പൂക്കൾ സമ്മാനിക്കുന്ന വീഡിയോ പങ്കുവെച്ച് "ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു" എന്നും സിയ കുറിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഇത്രയേറെ സ്നേഹപ്രകടനം നടത്തിയ സിയ തന്നെയാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് അറിഞ്ഞപ്പോൾ കേതന്റെ കുടുംബത്തിന് അത് വിശ്വസിക്കാൻ പോലുമായില്ല.സിയയ്ക്ക് ചേതൻ ചൗധരി എന്നയാളുമായി ഉണ്ടായിരുന്ന രഹസ്യബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേതനെ ഒഴിവാക്കി കാമുകനൊപ്പം ജീവിക്കാനായിരുന്നു യുവതിയുടെ പദ്ധതി. മേയ് 31-ന് കേതനെ ലോഹഗഡ് കോട്ടയിലെത്തിച്ചാണ് ഇവർ ആദ്യമായി കൊലപാതകം ആസൂത്രണം ചെയ്യുന്നത്.
തുടർന്ന് ജൂൺ 14-ന് ഇരുവരും വീണ്ടും ഇവിടെയെത്തി. അന്ന് കോട്ടയിൽ വെച്ച് സിയ കേതനെ തള്ളിയിട്ടെങ്കിലും പുല്ലിൽ പിടിച്ച് കേതൻ രക്ഷപ്പെട്ടു. അപകടം മണക്കാതിരിക്കാൻ, തൊട്ടുപിന്നാലെ "പാമ്പ്.. പാമ്പ്.." എന്ന് നിലവിളിച്ച് സിയ കേതനെ കെട്ടിപ്പിടിച്ച് നാടകമാടുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
ജന്മദിനാഘോഷവും പ്രീവെഡ്ഡിംഗ് ഷൂട്ടും ചതിയായി! ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ജന്മദിനാഘോഷത്തിന്റെയും പ്രീവെഡ്ഡിംഗ് ഷൂട്ടിന്റെയും പേരുപറഞ്ഞ് സിയ കേതനെ വീണ്ടും ലോഹഗഡിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ച് ഫോട്ടോ പകർത്തുന്നതിനിടയിൽ സിയയും കാമുകൻ ചേതനും ചേർന്ന് കേതനെ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു.
പ്രതികളായ സിയയെയും ചേതനെയും പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. പുറത്തുവരുന്ന കൊലപാതക വിവരങ്ങൾ പൂനെ നഗരത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.