നീറ്റ് പുനഃപരീക്ഷയില്‍ വ്യാപക ക്രമക്കേട്; ബിഹാറില്‍ ആള്‍മാറാട്ടത്തിന് 9 പേര്‍ അറസ്റ്റില്‍, യുപിയില്‍ അടിവസ്ത്രത്തില്‍ സിം കാര്‍ഡ് ഒളിപ്പിച്ച വിദ്യാര്‍ത്ഥി പിടിയിൽ
ന്യൂഡല്‍ഹി: കനത്ത സുരക്ഷയില്‍ നടന്ന നീറ്റ് പുനഃപരീക്ഷയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷാ ക്രമക്കേടുകളും ആള്‍മാറാട്ടവും. യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ക്ക് പകരം പണം വാങ്ങി പരീക്ഷ എഴുതിയതിന് ബിഹാറിലെ ലഖിസാരായില്‍ ഒന്‍പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷാ അട്ടിമറിക്ക് പിന്നില്‍ പന്ത്രണ്ടോളം പേരടങ്ങുന്ന വലിയൊരു റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മറ്റൊരു സംഭവത്തില്‍, ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പരീക്ഷാ ക്രമക്കേട് നടത്താന്‍ ശ്രമിച്ച ഒരു വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൈദാഗിന്‍ ഏരിയയിലെ ഹരിശ്ചന്ദ്ര പോസ്റ്റ് ഗ്രാജ്വേറ്റ് കോളജ് പരീക്ഷാ കേന്ദ്രത്തില്‍ വെച്ചാണ് ബലിയ സ്വദേശിയായ പ്രിന്‍സ് ദുബെ എന്ന വിദ്യാര്‍ത്ഥി പിടിയിലായത്. പരീക്ഷയ്ക്ക് മുന്നോടിയായി നടത്തിയ സുരക്ഷാ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇയാളുടെ അടിവസ്ത്രത്തില്‍ നിന്ന് സിം കാര്‍ഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെടുത്തത്.
രാജ്യത്തെ മറ്റു ചില പരീക്ഷാ കേന്ദ്രങ്ങളിലും ആള്‍മാറാട്ടം നടന്നതായി വ്യാപക പരാതികള്‍ ഉയരുന്നുണ്ട്. ഇത്തരം പരാതികളെല്ലാം വിശദമായി പരിശോധിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും കനത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണ പുനഃപരീക്ഷ നടത്തിയതെന്നും എന്‍ടിഎ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.