കൊച്ചി: നെടുമ്പാശേരിയിൽ ആഡംബര കാറിടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് (19) ഇന്ന് ജയിൽ മോചിതനാകും. കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളിലാണ് സുഹൈലിനെ പാർപ്പിച്ചിരുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ഇന്നത്തെ മോചനം. കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ മറ്റ് പ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഒന്നാം പ്രതിയായ സുഹൈലിനെ 10 ദിവസത്തിനു ശേഷമേ മോചിപ്പിക്കാവൂ എന്ന വ്യവസ്ഥയോടെയാണ് ഈ മാസം 6ന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഒക്ടോബർ 11നാണ് നാടിനെ നടുക്കിയ ഈ ദാരുണ അപകടമുണ്ടായത്. നെടുമ്പാശേരി എയർപോർട്ട് റോഡിൽ സുവർണ്ണോദ്യാനത്തിന് സമീപം സുഹൈൽ ഓടിച്ചിരുന്ന ആഡംബര കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രികരായ കർണാടക സുള്ള്യ സ്വദേശി ഇയാസ്, വയനാട് സ്വദേശിനി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ഗോപിക എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. അപകടമുണ്ടായ ദിവസം സുഹൈൽ നാലു ബാറുകളിൽ കയറിയ കാര്യം എക്സൈസ് കണ്ടെത്തിയിരുന്നു. അനുവദനീയമായതിലും അഞ്ച് ഇരട്ടിയായിരുന്നു സുഹൈലിന്റെ ശരീരത്തിലുണ്ടായിരുന്ന മദ്യത്തിന്റെ അളവ്.
അപകടസമയത്ത് കാർ അമിതവേഗതയിലായിരുന്നെന്നും സുഹൈൽ മദ്യപിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. വാഹനത്തിന്റെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ (എസിഎസ്എം) നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ട് കാർ കമ്പനി അന്വേഷണ സംഘത്തിന് റിപ്പോർട്ട് നൽകിയിരുന്നു. അപകടത്തിന് അഞ്ച് സെക്കൻഡ് മുൻപ് 162 കിലോമീറ്റർ വേഗതയിലായിരുന്ന കാർ, കൂട്ടിയിടിയുടെ സമയത്ത് മണിക്കൂറിൽ 144 കിലോമീറ്റർ വേഗതയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുൻപ് മാത്രമാണ് ബ്രേക്ക് പെഡൽ അമർത്തിയത്. 500 മീറ്റർ ദൂരം വെറും 11 സെക്കൻഡുകൊണ്ടാണ് വാഹനം പിന്നിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളും സൂചിപ്പിച്ചിരുന്നു.
മജിസ്ട്രേട്ട് കോടതിയും സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണം പൂർത്തിയായെന്നും വിദ്യാർഥികളായ പ്രതികളെ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്നും സുഹൈലിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ പ്രതികൾ മദ്യപിച്ചും അമിതവേഗതയിലുമാണ് വാഹനം ഓടിച്ചതെന്നും ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷനും മരിച്ചവരുടെ ബന്ധുക്കളും ശക്തമായി എതിർത്തു. തുടർന്ന്, വിചാരണ കഴിയുന്നതുവരെ പ്രതികളെ കസ്റ്റഡിയിൽ വയ്ക്കാൻ കഴിയില്ലെന്നും ജാമ്യം നിഷേധിക്കാൻ തക്ക കാരണങ്ങൾ വേണമെന്നും നിരീക്ഷിച്ച കോടതി, ഒന്നാം പ്രതി സുഹൈലിനെ 10 ദിവസത്തെ കസ്റ്റഡി വ്യവസ്ഥയോടെയും മറ്റ് പ്രതികൾക്ക് ഉടൻ ജാമ്യം നൽകിക്കൊണ്ടും ഉത്തരവിടുകയായിരുന്നു. ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കുന്നത് പൂർത്തിയാക്കാൻ കൂടുതൽ ദിവസങ്ങൾ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
നെടുമ്പാശേരി കൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവ് ഇന്ന് ജയിൽ മോചിതനാകും