Logo
Sat, Jun 13, 2026 • 02:07 AM
LIVE TV
Watch

No business videos available

No Middle East videos available

ആഡംബരക്കപ്പലിൽ മരണം വിതച്ച് ഹാന്റാവൈറസ്; ഒടുവിൽ ഒഴിപ്പിക്കൽ തുടങ്ങി; ലഗേജുകൾ ഉപേക്ഷിക്കാൻ നിർദ്ദേശം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 10, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

ആഡംബരക്കപ്പലിൽ മരണം വിതച്ച് ഹാന്റാവൈറസ്; ഒടുവിൽ ഒഴിപ്പിക്കൽ തുടങ്ങി; ലഗേജുകൾ ഉപേക്ഷിക്കാൻ നിർദ്ദേശം



ഹാന്റാവൈറസ് ബാധയെത്തുടര്‍ന്ന് ആഴ്ചകളോളം കടലില്‍ കഴിഞ്ഞ 'എംവി ഹോണ്ടിയസ്' എന്ന ആഡംബരക്കപ്പലിലെ യാത്രക്കാരെ അതീവ സുരക്ഷാ മുന്‍കരുതലുകളോടെ ഒഴിപ്പിച്ചു തുടങ്ങി. ഞായറാഴ്ച പുലര്‍ച്ചെ സ്‌പെയിനിലെ കാനറി ദ്വീപിലുള്ള ടെനറൈഫ് തീരത്ത് കപ്പല്‍ നങ്കൂരമിട്ടു. സ്പാനിഷ് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് നടപടികള്‍. പ്രാദേശിക ജനതയുമായി സമ്പര്‍ക്കം വരാത്ത രീതിയില്‍ ചെറിയ ബോട്ടുകളിലാണ് യാത്രക്കാരെ കരയിലെത്തിക്കുന്നത്. അവിടെനിന്ന് പ്രത്യേക വാഹനങ്ങളില്‍ വിമാനത്താവളങ്ങളിലെത്തിച്ച് അതത് രാജ്യങ്ങളിലേക്ക് അയക്കും.

കപ്പലില്‍ നിന്ന് ഇറങ്ങുന്നവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലഗേജുകള്‍ കപ്പലില്‍ തന്നെ ഉപേക്ഷിക്കണം. മൊബൈല്‍ ഫോണ്‍, രേഖകള്‍ തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ മാത്രമേ കൂടെ കരുതാന്‍ അനുവാദമുള്ളൂ. അമേരിക്കയില്‍ നിന്നുള്ള യാത്രക്കാരെ നെബ്രാസ്‌കയിലെ മെഡിക്കല്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണത്തിലാക്കും. ജര്‍മ്മനി, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി പ്രത്യേക വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഒഴിപ്പിക്കലിന് ശേഷം കപ്പല്‍ ശുചീകരണത്തിനായി നെതര്‍ലന്‍ഡ്സിലേക്ക് കൊണ്ടുപോകും.

കപ്പലില്‍ ഇതുവരെ മൂന്ന് പേരാണ് ഹാന്റാവൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. ഏപ്രില്‍ ഒന്നിന് അര്‍ജന്റീനയില്‍ നിന്ന് യാത്ര പുറപ്പെട്ട ഡച്ച് ദമ്പതികളിലാണ് ആദ്യം രോഗം കണ്ടെത്തിയത്. നിലവില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 140-ഓളം യാത്രക്കാര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ എട്ട് ആഴ്ച വരെ സമയമെടുക്കുമെന്നതിനാല്‍, നാട്ടിലെത്തുന്ന യാത്രക്കാരെ നിശ്ചിത കാലയളവില്‍ ഐസൊലേഷനില്‍ താമസിപ്പിക്കാനാണ് വിവിധ രാജ്യങ്ങളുടെ തീരുമാനം.

എലികളുടെ വിസര്‍ജ്യങ്ങളുമായോ അവ കലര്‍ന്ന പൊടിയുമായോ സമ്പര്‍ക്കമുണ്ടാകുമ്പോഴാണ് സാധാരണയായി ഹാന്റാവൈറസ് മനുഷ്യരിലേക്ക് പകരുന്നത്. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന ഈ രോഗം ശ്വാസംമുട്ടലിനും മരണത്തിനും വരെ കാരണമായേക്കാം. നിലവില്‍ കപ്പലിലുള്ള മറ്റാര്‍ക്കും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലെങ്കിലും വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്രയും വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10