ഇന്ത്യൻ ടീമിന്റെ കോച്ചിങ് സ്റ്റാഫിൽ അഴിച്ചുപണി; ടെൻ ഡൊഷേറ്റും ടി. ദിലീപും പുറത്ത്, പുതിയ പരിശീലകരെ ഉടൻ പ്രഖ്യാപിക്കും
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസംഘത്തിൽ നിർണായക മാറ്റം. സഹപരിശീലകനായ റയാൻ ടെൻ ഡൊഷേറ്റും ഫീൽഡിങ് കോച്ചായ ടി. ദിലീപും ഇനി ഇന്ത്യൻ ടീമിന്റെ കോച്ചിങ് സ്റ്റാഫിന്റെ ഭാഗമല്ല. ഇരുവരുടെയും കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് ബിസിസിഐ അത് പുതുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പുതിയ പരിശീലകരെ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ അറിയിച്ചു.
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയുടെ അടുത്ത അന്താരാഷ്ട്ര മത്സരം. ഈ പരമ്പരയിൽ പുതിയ പരിശീലകസംഘത്തിന്റെ കീഴിലായിരിക്കും ഇന്ത്യൻ ടീം ഇറങ്ങുക.
കരാർ കാലാവധി അവസാനിച്ചതോടെയാണ് ഇരുവരും പരിശീലകസംഘത്തിൽ നിന്ന് ഒഴിവായതെന്ന് ദേവജിത് സൈക്കിയ വ്യക്തമാക്കി. രാജിവെച്ചതാണെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ടി. ദിലീപിന്റെ കരാർ കഴിഞ്ഞ വർഷം അവസാനിച്ചിരുന്നെങ്കിലും ഒരു വർഷത്തേക്ക് കൂടി നീട്ടിനൽകിയിരുന്നു. റയാൻ ടെൻ ഡൊഷേറ്റിന്റെ കരാർ ജൂൺ 10-ന് അവസാനിച്ചു. എന്നാൽ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര പൂർത്തിയാകുന്നതുവരെ അദ്ദേഹം ടീമിനൊപ്പം തുടർന്നു. പരമ്പര അവസാനിച്ചതോടെ ഇരുവരുടെയും കരാറുകൾ പുതുക്കേണ്ടെന്ന തീരുമാനമാണ് എടുത്തത്," സൈക്കിയ പറഞ്ഞു.പുതിയ പരിശീലകരെ നിയമിക്കുന്ന നടപടിക്രമം പുരോഗമിക്കുകയാണെന്നും വളരെ വേഗം പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റതിന് പിന്നാലെയാണ് റയാൻ ടെൻ ഡൊഷേറ്റ് സഹപരിശീലകനായി എത്തിയത്. ബാറ്റിങ്, ഫീൽഡിങ് വിഭാഗങ്ങളിൽ ഗംഭീറിനൊപ്പം പ്രവർത്തിച്ച അദ്ദേഹം ടീമിന്റെ പരിശീലന സംവിധാനത്തിൽ നിർണായക പങ്കുവഹിച്ചു. 2025 ഏഷ്യാ കപ്പും 2026 ടി20 ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയപ്പോൾ പരിശീലകസംഘത്തിലെ പ്രധാന സാന്നിധ്യമായിരുന്നു ടെൻ ഡൊഷേറ്റ്.
ടെൻ ഡൊഷേറ്റിന്റെ കുടുംബം ലണ്ടനിലായതിനാൽ ദീർഘകാലം കുടുംബത്തിൽ നിന്ന് അകന്നു നിൽക്കേണ്ട സാഹചര്യം കൂടി ബിസിസിഐയുടെ തീരുമാനത്തിന് കാരണമായെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, അദ്ദേഹം രാജിവെച്ചതാണെന്ന പ്രചാരണം ബിസിസിഐ തള്ളി. കരാർ കാലാവധി അവസാനിച്ചതിനാൽ രാജിയുടെ ചോദ്യമില്ലെന്നാണ് ബോർഡിന്റെ വിശദീകരണം.
2021 മുതൽ ഇന്ത്യൻ ടീമിന്റെ ഫീൽഡിങ് കോച്ചായിരുന്ന ടി. ദിലീപിനും ഇനി പകരക്കാരനെ നിയമിക്കും. ഫീൽഡിങ് നിലവാരം ഉയർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവന നൽകിയ ദിലീപിന്റെ പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.