'ഹാപ്പി ബർത്ത് ഡേ ചാലു'; ആദ്യമായൊരു പിറന്നാൾ പോസ്റ്റ്, വീണ്ടും ഡിക്യു ഇക്കയുടെ ഫോൺ അടിച്ചുമാറ്റിയോ?
ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ ആശംസകളുമായി മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ദുൽഖറിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട്, "Happy Birthday Chalu" എന്ന ഒറ്റവരി കുറിപ്പോടെയാണ് മമ്മൂട്ടി മകന് ആശംസ നേർന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും സജീവ സാന്നിധ്യമായ ദുൽഖറിന് വിവിധ ഭാഷാ സിനിമാലോകങ്ങളിൽ നിന്നുമുള്ള നിരവധി ആശംസകളും ഇതിനോടകം ലഭിച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ ഈ പോസ്റ്റിന് മറ്റൊരു പ്രത്യേകതയും ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദുൽഖർ സിനിമയിലെത്തിയതിന് ശേഷമുള്ള വർഷങ്ങളിൽ മകന്റെ ചിത്രങ്ങളോ സിനിമാ പോസ്റ്ററുകളോ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ വളരെ വിരളമായാണ് പങ്കുവെച്ചിരുന്നത്. ദുൽഖർ സ്വന്തം കഴിവിൽ വളരണമെന്ന നിലപാടാണ് ഇതിന് പിന്നിലെന്നായിരുന്നു ആരാധകരുടെ വിലയിരുത്തൽ.
അതേസമയം, മമ്മൂട്ടിയുടെ മകൻ എന്ന വിശേഷണത്തിനപ്പുറം വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാള സിനിമയിൽ സ്വന്തമായൊരു സ്ഥാനം ഉറപ്പിക്കാൻ ദുൽഖറിന് കഴിഞ്ഞു. പിന്നീട് ദുൽഖർ അഭിനയിച്ച ചില സിനിമകളുടെ പോസ്റ്ററുകൾ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ടെങ്കിലും, ജന്മദിനാശംസകൾ പൊതുവേദിയിൽ അറിയിക്കുന്നത് അപൂർവമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ പോസ്റ്റ് ആരാധകർക്ക് വലിയ സർപ്രൈസായി.
പോസ്റ്റിന് താഴെ നിറയുന്നത് രസകരമായ കമന്റുകളാണ്. "ഇത് ഡിക്യു തന്നെ ഇട്ടതാണോ എന്നൊരു സംശയം", "ഇക്കയുടെ ഫോൺ പിന്നെയും അടിച്ചുമാറ്റിയല്ലേ?", "ദുൽഖർ തന്നെ പോസ്റ്റ് ചെയ്തതാകാം", "വീണ്ടും ഫോൺ ഡിക്യുവിന്റെ കയ്യിൽ കിട്ടിയെന്ന് തോന്നുന്നു", "കൊച്ചു കള്ളാ... ഇക്കയുടെ ഫോൺ അടിച്ചുമാറ്റിയല്ലേ", "എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനാകുമോ?" തുടങ്ങിയ കമന്റുകളാണ് ആരാധകർ പങ്കുവെക്കുന്നത്.
ഈ ട്രോളുകൾക്കും കമന്റുകൾക്കും പിന്നിൽ ഒരു പഴയ സംഭവവുമുണ്ട്. 'കുറുപ്പ്' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ, വാപ്പച്ചിയുടെ ഫോൺ എടുത്ത് തന്റെ സിനിമയുടെ പ്രമോഷൻ പോസ്റ്റർ മമ്മൂട്ടിയുടെ അക്കൗണ്ടിലൂടെ പങ്കുവെച്ചതാണെന്ന് ദുൽഖർ തന്നെ തമാശയായി വെളിപ്പെടുത്തിയിരുന്നു. അതിന്റെ ഓർമ്മകളാണ് ഇപ്പോൾ മമ്മൂട്ടിയുടെ ജന്മദിനാശംസാ പോസ്റ്റിന് താഴെ വീണ്ടും നിറയുന്നത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.