കേന്ദ്രത്തിനെതിരെ കര്‍ഷക-വിദ്യാര്‍ത്ഥി-യുവജന കൂട്ടായ്മ രൂപീകരിക്കാന്‍ സിജെപി; രാകേഷ് ടികായത്തുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ പോരാട്ടം ശക്തമാക്കുന്നതിനായി കര്‍ഷകരെയും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും അണിനിരത്തി സംയുക്ത പ്രതിരോധ നിര കെട്ടിപ്പടുക്കാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി നീക്കം ആരംഭിച്ചു. ചൊവ്വാഴ്ച പ്രമുഖ കര്‍ഷക നേതാവും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവുമായ രാകേഷ് ടികായത്തുമായി സി.ജെ.പി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദി സര്‍ക്കാരിനെ എല്ലാ കോണുകളില്‍ നിന്നും വളയുന്ന തരത്തിലുള്ള പ്രക്ഷോഭം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് സി.ജെ.പി വക്താവ് അശുതോഷ് റാങ്ക വ്യക്തമാക്കി.
അശുതോഷ് റാങ്കയുടെയും മറ്റ് സി.ജെ.പി നേതാക്കളുടെയും നേതൃത്വത്തിലാണ് രാകേഷ് ടികായതും ബി.കെ.യു പ്രതിനിധികളുമായി ചര്‍ച്ച നടന്നത്. കര്‍ഷകരെയും വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ഒരേ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരുന്നതിനുള്ള ഭാവി തന്ത്രങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതായി സി.ജെ.പി ഭാരവാഹികള്‍ അറിയിച്ചു. വിദ്യാര്‍ത്ഥി പ്രക്ഷോഭ വേളയില്‍ കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും നല്‍കിയ ഉറപ്പുകള്‍ ഇതുവരെ പൂര്‍ണ്ണമായി പാലിച്ചിട്ടില്ലെന്ന് സി.ജെ.പി ആരോപിച്ചു. ബീഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഇപ്പോഴും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്നും, രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ പുതിയ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തുടരുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ടികായത്തിന്റെ പിന്തുണയും നേതാക്കള്‍ തേടിയിട്ടുണ്ട്. കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍, കര്‍ഷക സംഘടനകളെയും യുവജന പ്രസ്ഥാനങ്ങളെയും ഏകോപിപ്പിച്ച് രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് സി.ജെ.പി മുന്നറിയിപ്പ് നല്‍കി.
നേരത്തെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി സമരവേദി പലതവണ സന്ദര്‍ശിച്ച് രാകേഷ് ടികായത്ത് പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 20-ന് സി.ജെ.പി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനിടെ സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയും, ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകവും പ്രയോഗിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ സമരം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ രാജിക്കും, ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും, പ്രതിഷേധക്കാര്‍ക്കെതിരെ പുതിയ എഫ്.ഐ.ആറുകള്‍ എടുക്കില്ല എന്ന വാഗ്ദാനങ്ങള്‍ക്കും പിന്നാലെ ജൂലൈ 25 നാണ് സമരം അവസാനിച്ചത്. എന്നാല്‍, കേസ് പിന്‍വലിക്കുമെന്ന വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ ലംഘിക്കുകയാണെന്ന് ആരോപിച്ചാണ് രാജ്യവ്യാപകമായി വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്ന് സി.ജെ.പി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.