മീററ്റ്: സ്ത്രീധനമായി ആഡംബര വാഹനമായ മഹീന്ദ്ര ഥാര്‍ ആവശ്യപ്പെട്ട വരന്റെ കുടുംബത്തിന് കളിപ്പാട്ട കാര്‍ സമ്മാനമായി നല്‍കി വധുവിന്റെ വീട്ടുകാര്‍ വിവാഹം ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. വരന്റെ പിതാവിന് കളിപ്പാട്ട കാര്‍ കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
അഞ്ച് മാസം മുന്‍പാണ് ഗ്യാന്‍പൂര്‍ സ്വദേശിയായ ഷംഷേറിന്റെ മകനും സലോണ ഗ്രാമത്തിലെ യുവതിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. വിവാഹനിശ്ചയ സമയത്ത് വധുവിന്റെ വീട്ടുകാര്‍ ഒരു ലക്ഷം രൂപയും മറ്റ് പാരിതോഷികങ്ങളും വരന്റെ കുടുംബത്തിന് നല്‍കിയിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്ക് മുന്‍പ് വധുവിന്റെ വീട്ടുകാര്‍ തങ്ങളുടെ ഒരു തുണ്ട് ഭൂമി വിറ്റ വിവരമറിഞ്ഞതോടെ വരന്റെ വീട്ടുകാര്‍ സ്ത്രീധനമായി ഥാര്‍ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
വധുവിന്റെ വീട്ടുകാര്‍ പലതവണ സംസാരിച്ചെങ്കിലും വരന്റെ കുടുംബം ആവശ്യത്തില്‍ ഉറച്ചുനിന്നു. ഇതോടെയാണ് വധുവിന്റെ കുടുംബം വ്യത്യസ്തമായ പ്രതിഷേധത്തിന് തീരുമാനിച്ചത്. വിവാഹത്തിന് മുന്‍പുള്ള പരമ്പരാഗത ക്ഷണച്ചടങ്ങായ 'ലാല്‍ ഖത്' (Lal Khat) ചടങ്ങിനായി ശനിയാഴ്ച രാവിലെ വരന്റെ ബന്ധുക്കളെ വധുവിന്റെ വീട്ടിലേക്ക് ക്ഷണിച്ചു.
രാവിലെ മുതല്‍ രാത്രി പത്ത് മണി വരെ വരന്റെ വീട്ടുകാരെ കാത്തിരുത്തിയ ശേഷമാണ് വധുവിന്റെ കുടുംബം നാടകീയമായി വിവാഹം വേണ്ടെന്ന തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ന്ന് വരന്റെ പിതാവിന്റെ കൈകളിലേക്ക് ഒരു പ്ലാസ്റ്റിക് കളിപ്പാട്ട കാര്‍ വെച്ചുകൊടുത്തു. 'നിങ്ങള്‍ക്ക് വേണ്ടത് ഒരു മനുഷ്യനെയല്ല, ഒരു കാറാണ്. ഞങ്ങള്‍ നിങ്ങള്‍ക്ക് സ്‌കോര്‍പിയോ (കളിപ്പാട്ട കാര്‍) തന്നിട്ടുണ്ട്, ഇനി ഇത് ഓടിച്ച് സന്തോഷിക്കൂ' എന്ന് വധുവിന്റെ വീട്ടുകാര്‍ പറയുന്നത് വൈറലായ വീഡിയോയില്‍ കേള്‍ക്കാം.
വിവാഹനിശ്ചയം റദ്ദാക്കിയതായും ബന്ധം ഉപേക്ഷിച്ചതായും അറിയിച്ച ശേഷമാണ് വധുവിന്റെ കുടുംബം വരന്റെ വീട്ടുകാരെ തിരിച്ചയച്ചത്. സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ ഈ വീഡിയോയുടെ ആധികാരികത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സ്ത്രീധനമായി ഥാര്‍ ചോദിച്ചു; കളിപ്പാട്ട കാര്‍ നല്‍കി വിവാഹം ഉപേക്ഷിച്ച് വധുവിന്റെ കുടുംബം