ന്യൂഡല്‍ഹി: 1980-കളിലെയും 90-കളിലെയും യുവതലമുറയുടെ പ്രിയപ്പെട്ട ഓറഞ്ച് ശീതളപാനീയമായിരുന്ന 'ഗോള്‍ഡ് സ്‌പോട്ട്' 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്നു. നിലവില്‍ ഡല്‍ഹി-എന്‍സിആര്‍ മേഖലകളില്‍ ബ്ലിങ്കിറ്റ് (Blinkit) വഴി പാനീയം ലഭ്യമായിത്തുടങ്ങി.
1953-ല്‍ വിപണിയിലെത്തിയ ഗോള്‍ഡ് സ്‌പോട്ട്, 1993-ലാണ് ബിസ്ലേരിയില്‍ നിന്ന് തംസ് അപ്പ്, ലിംക എന്നിവയ്ക്കൊപ്പം കൊക്കകോള സ്വന്തമാക്കിയത്. എന്നാല്‍ തങ്ങളുടെ തന്നെ ഓറഞ്ച് പാനീയമായ 'ഫാന്റ'യെ പ്രോത്സാഹിപ്പിക്കുന്നതിനായി 2000-ല്‍ കൊക്കകോള ഗോള്‍ഡ് സ്‌പോട്ടിന്റെ ഉത്പാദനം നിര്‍ത്തലാക്കുകയായിരുന്നു. 'ദി സിംഗ് തിംഗ്' എന്ന ടാഗ്ലൈനോടെ എത്തിയിരുന്ന പാനീയം അക്കാലത്ത് വലിയ തരംഗമായിരുന്നു.
ഉപഭോക്താക്കള്‍ക്കിടയില്‍ മധുരം കുറഞ്ഞ പാനീയങ്ങളോടുള്ള താല്പര്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, 'ലോ-ഷുഗര്‍' പാനീയമായാണ് ഗോള്‍ഡ് സ്‌പോട്ട് 2.0 തിരിച്ചെത്തുന്നത്. ഇത് ഫാന്റയുടെ വിപണിയെ ബാധിക്കില്ലെന്നും കമ്പനി വിലയിരുത്തുന്നു. പഴയ ആകര്‍ഷകമായ ഓറഞ്ച് രുചിയും ഫിസ്സും നിലനിര്‍ത്തിക്കൊണ്ടുതന്നെ മധുരം കുറച്ചാണ് പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് റീലോഞ്ച് നടത്തുന്നതെന്ന് കൊക്കകോള നവംബര്‍ 25-ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബ്ലിങ്കിറ്റിന് പുറമെ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, സെപ്‌റ്റോ, ഫ്‌ലിപ്കാര്‍ട്ട് മിനിറ്റ്‌സ്, ആമസോണ്‍ നൗ എന്നിവ വഴിയും വരും ദിവസങ്ങളില്‍ പാനീയം ലഭ്യമാകും. നിലവില്‍ കാനുകളില്‍ മാത്രമാണ് ഗോള്‍ഡ് സ്‌പോട്ട് ലഭിക്കുന്നത്. പഴയകാലത്തെ ഗ്ലാസ് ബോട്ടിലുകളിലോ പെറ്റ് ബോട്ടിലുകളിലോ പാനീയം ഇതുവരെ വിപണിയിലെത്തിയിട്ടില്ല.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോണിയും ഭാര്യ സാക്ഷിയും ഗോള്‍ഡ് സ്‌പോട്ട് കാനുമായി നില്‍ക്കുന്ന ചിത്രം സാക്ഷി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെയാണ് പാനീയത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. പുതിയ തലമുറയ്ക്ക് ഗോള്‍ഡ് സ്‌പോട്ടിന്റെ തനതായ രുചി പരിചയപ്പെടുത്തുന്നതില്‍ അഭിമാനമുണ്ടെന്ന് കൊക്കകോള ഇന്ത്യ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി സുമേലി ചാറ്റര്‍ജി പറഞ്ഞു.
26 വർഷങ്ങൾക്ക് ശേഷം ആ പഴയ രുചി തിരിച്ചെത്തുന്നു; 'ഗോൾഡ് സ്പോട്ട്' വീണ്ടും വിപണിയിൽ