തുടര്‍ച്ചയായ പരീക്ഷാ ക്രമക്കേട്: മഹാരാഷ്ട്രയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നു; പിന്തുണയുമായി രാഹുല്‍ ഗാന്ധി
പൂനെ: തുടര്‍ച്ചയായി ഉണ്ടാകുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നു. ഡല്‍ഹിയിലും ജാര്‍ഖണ്ഡിലും ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് സമാനമായ സാഹചര്യമാണ് നിലവില്‍ പൂനെയിലും രൂപപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന്‍ (MPSC) ചെയര്‍മാന്റെയും സെക്രട്ടറിയുടെയും രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് തെരുവിലിറങ്ങിയിരിക്കുന്നത്.
മാര്‍ച്ചില്‍ നടക്കാനിരുന്ന ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്നിരുന്നു. ഈ കേസില്‍ നടന്ന അന്വേഷണത്തില്‍ വന്‍ അന്തര്‍സംസ്ഥാന ക്രമക്കേട് സംഘമാണ് വലയിലായത്. ഇതിന് പിന്നാലെ അധ്യാപക യോഗ്യതാ പരീക്ഷയായ 'ടെറ്റ്' (TET), ബോംബെ ഹൈക്കോടതി ക്ലര്‍ക്ക് പരീക്ഷ എന്നിവയിലും വ്യാപക ക്രമക്കേടുകളും സാങ്കേതിക തടസ്സങ്ങളും ഉയര്‍ന്നതോടെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തെരുവിലേക്ക് പടര്‍ന്നത്.
പരീക്ഷാ നടത്തിപ്പില്‍ നിന്ന് സ്വകാര്യ ഏജന്‍സികളെ പൂര്‍ണ്ണമായും ഒഴിവാക്കുക, മുഴുവന്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചകളിലും സമഗ്ര അന്വേഷണം പ്രഖ്യാപിക്കുക, എം.പി.എസ്.സി ചെയര്‍മാനും സെക്രട്ടറിയും രാജി വെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഏഴംഗ ഉന്നതതല സമിതിയെ നിയോഗിച്ചെങ്കിലും ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗാര്‍ത്ഥികള്‍.
അതിനിടെ പ്രക്ഷോഭത്തിന് പൂര്‍ണ്ണ പിന്തുണയുമായി പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിയും സുപ്രിയ സുലെയും രംഗത്തെത്തി. പൂനെയില്‍ ഉയരുന്ന സമരം കേവലം ഒരു പരീക്ഷയുടെയോ നിയമനത്തിന്റെയോ മാത്രം പ്രശ്‌നമല്ലെന്നും, നിലവിലുള്ള മുഴുവന്‍ റിക്രൂട്ട്മെന്റ് സംവിധാനത്തോടുമുള്ള വിശ്വാസം തകര്‍ന്നതിന്റെ പ്രതിഫലനമാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.