കോവളം: കോവളത്തെയും ചൊവ്വര ചപ്പാത്തിലെയും സ്പാകളിൽ വെച്ച് ആന്ധ്രാപ്രദേശ് സ്വദേശിനിയായ പതിനാറുകാരി പീഡനത്തിനിരയായ കേസിൽ, ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഒന്നാം പ്രതിയെ അന്വേഷണസംഘം തെളിവെടുപ്പിനെത്തിച്ചു. പെൺകുട്ടിയുടെ മാതൃസഹോദരിയും ആന്ധ്രയിലെ പാലംസമുദ്രം സ്വദേശിനിയുമായ നാഗലക്ഷ്മിയെ (31) ആണ് സംഭവസ്ഥലങ്ങളിൽ എത്തിച്ച് തെളിവുകൾ ശേഖരിച്ചത്.
മൂന്നാം പ്രതി സജിത്ത് കുമാറിന്റെ കോവളം വൈക്കോൽകുളത്തിന് സമീപമുള്ള 'ആയൂർകേരള', നാലാം പ്രതി നിഷാന്തിന്റെ 'ഡ്രീംസ്' എന്നീ സ്പാകളിലാണ് പ്രതിയുമായി വിശദമായ തെളിവെടുപ്പ് നടത്തിയത്. ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് നാഗലക്ഷ്മിയും സംഘവും കുട്ടിയെ സജിത്ത് കുമാറിന്റെ സ്പായിലെത്തിച്ചത്. താൻ ശുചീകരണ ജോലിക്കായും, കുട്ടി സ്പായിലെ ജോലിക്കായുമാണ് ഇവിടെ എത്തിയതെന്നാണ് നാഗലക്ഷ്മി അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണർ എസ്. ചന്ദ്രകുമാറിന് മൊഴി നൽകിയത്.
സ്പായിലെത്തിച്ച ശേഷം പെൺകുട്ടി നിരവധി പേരുടെ പീഡനത്തിന് ഇരയാവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാഗലക്ഷ്മിയുടെ ഭർത്താവ് ജെല്ലാഗോപിയുടെ ഗൂഗിൾപേ അക്കൗണ്ടിലേക്ക് സജിത്ത് പ്രതിമാസം ഒന്നര ലക്ഷം രൂപയോളം അയച്ചുനൽകിയിരുന്നതായി പോലീസ് കണ്ടെത്തി. എന്നാൽ, സ്പാകളിലെ ശുചീകരണ ജോലിക്ക് തനിക്കും കുട്ടിക്കും ലഭിക്കുന്ന ശമ്പളമാണ് ഭർത്താവിന് അയച്ചുകൊടുത്തതെന്നായിരുന്നു ഇതിന് നാഗലക്ഷ്മി നൽകിയ വിശദീകരണം.
സ്പാകളിൽ അന്വേഷണസംഘം ഫൊറൻസിക് പരിശോധനയും പൂർത്തിയാക്കിയിട്ടുണ്ട്. തെളിവെടുപ്പ് നടപടികൾക്ക് ശേഷം പ്രതിയെ തിരികെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുമെന്ന് അസി. കമ്മീഷണർ വ്യക്തമാക്കി. എസ്.ഐ. എസ്. അനിൽകുമാർ, വനിതാ പോലീസുകാരായ താര, കാവ്യ, വില്ലേജ് ഓഫീസർ എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതിയുമായി തെളിവെടുപ്പിനെത്തിയത്.
പതിനാറുകാരിയായ പെൺകുട്ടിയുടെ ആധാർ കാർഡിൽ കൃത്രിമം കാണിച്ച് പ്രായം ഇരുപതാക്കി മാറ്റിയത് തന്റെ ഭർത്താവ് ജെല്ലാഗോപിയാണെന്ന് നാഗലക്ഷ്മി മൊഴി നൽകി. ജെല്ലാഗോപിയുടെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് വ്യാജ ആധാർ കാർഡ് നിർമ്മിച്ചത്. സംഭവത്തിൽ വ്യാജരേഖ ചമച്ചതിന് നാഗലക്ഷ്മിക്കും ഭർത്താവിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇടനിലക്കാരിയായ കൃഷ്ണവേണിയുടെ സഹായത്തോടെയാണ് ഇവർ ബെംഗളൂരുവിൽ നിന്നും പെൺകുട്ടിയെ കോവളത്ത് എത്തിച്ചത്. സ്പാ ഉടമകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ് രേഖകളിൽ പ്രായം ഇരുപതാക്കി മാറ്റിയത്. ജോലിയിൽ പ്രവേശിച്ച ശേഷം നിഷാന്തിന്റെ സ്പായിൽ വെച്ച് കുട്ടിയുടെ ഇരുപതാം പിറന്നാളും ഇവർ ആഘോഷിച്ചിരുന്നു.
തനിക്ക് മദ്യം നൽകിയ ശേഷമാണ് സ്പാകളിൽ വെച്ച് പീഡിപ്പിച്ചിരുന്നതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കണ്ടെടുത്തു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ജെല്ലാഗോപിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും. പോക്സോ വകുപ്പുകൾക്ക് പുറമെ മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് എസ്.ഐ.ടി അറിയിച്ചു.
കോവളം സ്പാ പീഡനക്കേസ്: ഒന്നാം പ്രതിയായ മാതൃസഹോദരിയെ സ്പാകളിലെത്തിച്ച് തെളിവെടുത്തു; ആധാർ തിരുത്തിയത് ഭർത്താവെന്ന് മൊഴി