ബലാത്സംഗ കേസില്‍ പ്രതിയായ ഡോ. ജോണ്സണ് കെ. വര്‍ഗീസിനെതിരെ മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലും സമാനമായ പരാതികള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം മുന്‍പ് പത്തനംതിട്ടയിലെ ഒരു ആശുപത്രിയില്‍ ജീവനക്കാരിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് താക്കീത് നല്‍കുകയും, പിന്നാലെ ആശുപത്രിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ ആശുപത്രിയിലും ഇയാള്‍ക്കെതിരെ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നും, ഈ വിവരം ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഒട്ടേറെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡോക്ടര്‍ക്കെതിരായ മുന്‍കാല പരാതികള്‍ കൂടി ഉള്‍പ്പെടുത്തി ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസ് കെട്ടിച്ചമച്ചതാണെന്ന വാദമാണ് ഡോക്ടര്‍ ഉന്നയിക്കുന്നത്. നിലവില്‍ ഒളിവില്‍ കഴിയുന്ന ഇയാള്‍ക്കെതിരെ ഇതിനോടകം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 17-നാണ് കോടതി പരിഗണിക്കുന്നത്.
ആശുപത്രി ജീവനക്കാരിയോട് മോശമായി പെരുമാറി; ഡോക്ടര്‍ ജോണ്സണ് കെ. വര്‍ഗീസിനെതിരെ കൂടുതല്‍ പരാതികൾ